കോട്ടയം - മന്ത്രി എ.കെ ശശീന്ദ്രന്റെ വിവാദ ഫോൺവിളിയിൽ നിലപാട് വിശദീകരിച്ച് സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ. ശശീന്ദ്രനെതിരായ ആരോപണം പാർട്ടിക്കുള്ളിലെ ഗൂഢാലോചനയാവണമെന്നില്ലെന്ന് പറഞ്ഞ അദ്ദേഹം പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കണമെന്നും തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.
മന്ത്രി എ.കെ. ശശീന്ദ്രൻെറ ഫോൺ വിളി പുറത്തുവന്നതിനു പിന്നിൽ പാർട്ടിയിലെ ആരെങ്കിലുമാണെന്ന് കരുതാനാവില്ല. പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ ഇതിനു പിന്നിലില്ല. ശശീന്ദ്രൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. മുഖ്യമന്ത്രി നിയമസഭയിലും ഇത് വ്യക്തമാക്കി കഴിഞ്ഞു. മന്ത്രിക്കെതിരെ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെങ്കിൽ പോലീസ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം.
പോലീസ് അന്വേഷണത്തിൽ പാർട്ടി ഇടപെടില്ല. കൊല്ലത്ത് പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി ഇടപെടണമെന്ന് ഒരുവിഭാഗം പാർട്ടി പ്രവർത്തകർ പറഞ്ഞതനുസരിച്ചാണ് അദ്ദേഹം ഫോൺ വിളിച്ചത്. പ്രശ്‌നങ്ങൾ നല്ലനിലയിൽ തീർക്കണം എന്നാണ് ശശീന്ദ്രൻ പറഞ്ഞത്.
മന്ത്രി പറഞ്ഞതിൽ മുൻതൂക്കം നൽകേണ്ടത് സംഘടനാപരമായ കാര്യങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതിൽനിന്നാണ് പരാതി വരുന്നത്. 18 ദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. എന്തുകൊണ്ടാകാം പരാതി നൽകാത്തതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബി.ജെ.പിക്കാരിയായ പെൺകുട്ടിയെ യുവമോർച്ചയാണ് സഹായിക്കുന്നത്. അടുത്തിടെ ബി.ജെ.പി നേതാക്കളടക്കം എൻ.സി.പിയിലേക്ക് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പരാതികൾ ഉയരുന്നത്.
പരാതികളടക്കം വിഷയങ്ങൾ തിങ്കളാഴ്ച എൻ.സി.പി സംസ്ഥാന സമിതിയോഗം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വിഷയം വിശദമായി ചർച്ചചെയ്തിരുന്നു. അവസാനം പരാതി തള്ളി. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ നിയമസഭയിൽ ചർച്ച ചെയ്തു.
പാർട്ടിയുടെ സൽപേരിനെ കളങ്കപ്പെടുത്തുന്ന സംഭവ വികാസങ്ങൾ കൊല്ലത്തുണ്ടായി. സംഘടനാപരമായ നടപടി എടുക്കാനേ പാർട്ടിക്കു സാധിക്കൂ. പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ രണ്ടുപേർക്കെതിരെ നടപടിയെടുത്തു. റിപ്പോർട്ടിലെ തുടർനടപടികൾ സംസ്ഥാന സമിതി വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്തെ സംഭവം പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടിക്കുള്ളിൽ രണ്ടു വിഭാഗങ്ങൾ തമ്മിലുളള അഭിപ്രായ ഭിന്നത മുതലെടുക്കാനുളള ശ്രമത്തിന്റെ ഭാഗമാണ്. അതുവഴി പാർട്ടിയുടെ സൽപേരു തകർക്കുന്നതിനുമുളള ബോധപൂർവമായ നീക്കം. സംഭവം അറിഞ്ഞപ്പോൾ തന്നെ രണ്ടു സീനിയർ നേതാക്കളെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. എല്ലാവരുമായി സംസാരിച്ച് അതിന്റെ അടിസ്ഥാനത്തിലുളള റിപ്പോർട്ട് സംഘടനാ ചുമതലയുളള കെ.ആർ രാജനെ ഏൽപ്പിച്ചു. റിപ്പോർട്ടിൽ പരാമർശിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്ത രണ്ടു പാർട്ടി നേതാക്കളെ സസ്‌പെന്റു ചെയ്തു.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ കൂടുതൽ അച്ചടക്ക നടപടി വേണമോ എന്നു തീരുമാനിക്കും. പെൺകുട്ടിയുടെ പരാതി പെട്ടെന്നുണ്ടായതല്ല. ചില ആഭ്യന്തര പ്രശ്‌നങ്ങളിൽനിന്നാണ് അത് ഉടലെടുത്തത്. എൻ.സി.പി നേതാവിന്റെ മകൾ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നു. ആ പോസ്റ്റർ ഫെയ്‌സ്ബുക്കിൽ ഇട്ടതിനെ തുടർന്നാണ് തർക്കം രൂപപ്പെട്ടത്. സംഭവം നടന്നു 18 ദിവസത്തിനുശേഷമാണ് പെൺകുട്ടി പരാതി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഒരു ഐ.ജിയെ തന്നെ ചുമതലപ്പെടുത്തി. പോലീസ് നടപടി വേണമെന്നാണ് അഭിപ്രായം. മന്ത്രി തെറ്റു ചെയ്തതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. ഇക്കാര്യം നിയമസഭ ചർച്ച ചെയ്തു വോട്ടിനിട്ടു തള്ളിയതാണ്.