കണ്ണൂർ - സർക്കാർ ഔഷധ നിർമ്മാണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ നിർമ്മിക്കുന്ന ആയുർവേദ മരുന്നുകളുടെ ഗുണമേന്മയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ പരാമർശങ്ങൾ അടങ്ങിയ സി.എ.ജി റിപ്പോർട്ട് കഴിഞ്ഞ അഞ്ചു വർഷമായി സർക്കാർ പൂഴ്ത്തിവെച്ച വിവരം പുറത്തുവന്നു. കണ്ണൂരിലെ വിവരാവകാശ പ്രവർത്തകൻ ലിയോനാർഡ് ജോണിന് ലഭിച്ച രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്. സി.എ.ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റിപ്പോർട്ട് 5 വർഷമായി സർക്കാർ പരിഗണിക്കാതെ പൂഴ്ത്തിവെക്കുന്നത്.
സർക്കാർ പ്രതിരോധത്തിലാകുന്നതിനാലാണ് ഈ റിപ്പോർട്ട് നിയമസഭയിൽ എത്തിക്കാത്തതെന്നാണ് ആക്ഷേപം. ആയുർവേദ മരുന്നുകളുടെ ഗുണമേന്മയും, മരുന്നുകളിൽ കടന്നു കൂടുന്ന കീടനാശിനി, ഹെവി മെറ്റൽസ്, ഫംഗസ് തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ആയുർവേദ വകുപ്പിന്റെ കീഴിൽ നിർമ്മിക്കുന്ന മരുന്നുകൾ പോലും കുറ്റമറ്റതല്ലെന്ന് സി.എ.ജി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും വീഴ്ചകൾ പരിഹരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 2014 മാർച്ചിലാണ് സി.എ.ജി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.
മരുന്നുകളുടെ ഗുണമേന്മയും ഫംഗസ്, ഹെവി മെറ്റൽസ് എന്നിവ ചേർന്നിട്ടുണ്ടോ എന്ന് അറിയാനുള്ള പരിശോധനകൾ നടത്തുന്നതിന് ജി.സി.എം.എസ്, ആട്ടോമാറ്റിക് സ്‌പെക്ട്രാമീറ്റർ എന്നീ ഉപകരണങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്.
ഇതിന് ഒരു കോടിയോളമാണ് ചെലവു വരിക. 2010 മുതൽ 2018 വരെ കേരളത്തിലെ ആയുർവേദ വകുപ്പിന് ഇത്തരത്തിലുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ പല ഘട്ടങ്ങളിലായി 5 കോടി രൂപ നൽകിയിട്ടുണ്ടെങ്കിലും, ഉപകരണങ്ങൾ വാങ്ങാതെ തുക വകമാറ്റി ചെലവഴിക്കുകയായിരുന്നു. ആയുർവേദ വകുപ്പിൽ സമീപകാലത്തായി കോടികൾ ചെലവഴിച്ച് ബഹുനില മന്ദിരങ്ങൾ നിർമ്മിക്കുന്നുണ്ടെങ്കിലും, മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കുന്ന ഉപകരണങ്ങൾ വാങ്ങാത്തത് ദുരൂഹമാണ്.
കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ആയുർവേദ മരുന്നു നിർമാണ കമ്പനിയിൽ കോടികളുടെ മരുന്നു വ്യാപാരമാണ് നടക്കുന്നത്. 19 സംസ്ഥാനങ്ങളിൽ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 6 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. ഈ മരുന്നുകൾ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പു വരുത്താൻ സർക്കാരിന് പോലും സാധിക്കുന്നില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കിഡ്‌നി, ലിവർ രോഗികളുള്ളത് ആരോഗ്യപരമായി ഏറ്റവും മെച്ചപ്പെട്ടതെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ്. മാത്രമല്ല, രണ്ടര ലക്ഷം കാൻസർ രോഗികളും ഇവിടെയുണ്ട്.
പ്രമേഹരോഗത്തിന്റെ തലസ്ഥാനം കൂടിയാണ് കേരളം. ഇവിടെയാണ് ഗുണമേന്മ ഉറപ്പുവരുത്താത്ത ആയുർവേദ മരുന്നുകൾ നിർബാധം വാങ്ങി ഉപയോഗിക്കുന്നത്. ആയുർവേദ മരുന്നുകളിൽ കറുവാപ്പട്ടക്ക് പകരമായി മാരക വിഷമായ കാസിയ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിയമ പോരാട്ടം നടന്നുവരികയുമാണ്.
സി.എ.ജിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റിപ്പോർട്ട് 5 വർഷമായി സർക്കാർ പരിഗണിക്കാതെ പൂഴ്ത്തിവെക്കുന്നത്. സാധാരണ നിലയിൽ പത്തു മാസത്തിനകം റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താറുണ്ട്.