Sorry, you need to enable JavaScript to visit this website.

വെറുപ്പിന്റെ സീരിയലുകൾ കാണുന്നവർക്കൊത്ത് മാറുന്ന കേരളം

ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവർ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടുതലായി കാണുന്നത് ഹെയ്സ്റ്റ് സീരിസുകളാണെന്നാണ് കോൺഗ്രസിലെ ഷാഫി പറമ്പിലിന്റെ നിരീക്ഷണം. വെറുപ്പിന്റെ മാത്രം കഥ പറയുന്ന ഇത്തരം സീരിയലുകളാണ് അധിക പേരും കാണുന്നതെന്ന പഠന റിപ്പോർട്ട് ഷാഫി വായിച്ചിട്ടുണ്ട്. ഏതായാലും ഇത്തരം കുറ്റകൃത്യത്തിന്റെയും വെറുപ്പിന്റെയും കഥകളാണ് മിക്കദിവസവും കേൾക്കുന്നതെന്ന സംഗതി ഷാഫിയും അദ്ദേഹത്തിന്റെ പാർട്ടിക്കാരും മാത്രമല്ല എല്ലാവരും സമ്മതിക്കും. നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലെ അടിയന്തര പ്രമേയ അവതരണ ഘട്ടത്തിലായിരുന്നു കേരളത്തെക്കുറിച്ചുള്ള കോൺഗ്രസ് യുവ അംഗത്തിന്റെ ആശങ്കപ്പെടുത്തുന്ന നിരീക്ഷണം. ഈ പറഞ്ഞ ഹെയ്റ്റ് സീരിയലിനെയെല്ലാം വെല്ലുന്നതും, നാണം കെടുത്തുന്നതുമായ തട്ടിപ്പിന്റെ പരമ്പരയാണ് തൃശൂരിൽ കരുവന്നൂരിൽ സി.പി.എം നേതൃത്വത്തിന്റെ അറിവോടെ നടന്നിരിക്കുന്നതെന്ന് ഷാഫി പറമ്പിലിന് ഉറപ്പ്. സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ നടന്നത്. നെറ്റ്ഫഌക്‌സ് സീരിസുകളുടെ ഉള്ളടക്കങ്ങളെ വെല്ലുന്ന തട്ടിപ്പ്. ഇതിനെല്ലാം പിന്നിൽ സി.പി.എമ്മാണ്. 


കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് കൊള്ളക്കാണ് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി കരുവന്നൂരിൽ നേതൃത്വം നൽകിയിരിക്കുന്നത്. രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ടിയിരുന്ന ബാങ്കാണിത്. എന്നാൽ തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി. തട്ടിപ്പ് അറിഞ്ഞിട്ടും സി.പി.എം. പൂഴ്ത്തി. ബാങ്ക് പരിസരത്ത് കണ്ടു മുട്ടിയ പ്രവാസി സ്ത്രീയെ രേഖകൾ വാങ്ങി വായ്പയിൽ കുടുക്കി. കേട്ടുകേൾവി ഇല്ലാത്ത തരത്തിലായിരുന്നു എല്ലാം. വർഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നത് പാർട്ടി അറിയുന്നുണ്ടായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അന്വേഷണം പ്രഖ്യാപിക്കുന്നതും ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും മാറിയ ജില്ലാ സെക്രട്ടറി നേരിട്ട് ചെല്ലുന്നതും ഒരു മുൻ എം.പിയും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ അവിടെ അന്വേഷണത്തിന് അയക്കുന്നതും എല്ലാം അറിഞ്ഞ് കൊണ്ടാണ്. പാവപ്പെട്ട സി.ഐ.ടിയുക്കാരുടെയും ഓട്ടോത്തൊഴിലാളികളുടെയും പേരിൽ പോലും തട്ടിപ്പ് നടന്നു. തട്ടിപ്പ് കേസിൽപ്പെട്ട ക്രിമിനലുകൾക്ക് സർക്കാർ ഹോൾസെയിലായി വക്കാലത്ത് എടുക്കുന്നു. തട്ടിപ്പ് നടക്കുന്നുന്നെ് റിപ്പോർട്ട് നൽകിയിട്ടും ഭരണസമിതിയെ പിരിച്ചുവിടാനോ അവർക്കെതിരെ നടപടിയെടുക്കാനോ ശ്രമിക്കാതെ അതിന് കൂട്ട് നിന്ന് പ്രോത്സാഹിപ്പിച്ച് നൂറ് കോടിയുടെ നഷ്ടങ്ങൾ സാധാരണക്കാരന് വരുത്തിവെച്ചിട്ട് തട്ടിപ്പിൽ പങ്കില്ല എന്ന് പറഞ്ഞാൽ അതെങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക ഷാഫി പറമ്പിലിന്റെ ചോദ്യത്തിന് ചാട്ടുളി മൂർച്ച.


കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മറുപടി നൽകിയ സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവൻ ഒന്നും നിഷേധിക്കാൻ നിന്നില്ല. ഒട്ടേറെ ക്രമക്കേടുകൾ ബാങ്കിൽ നടന്നതായി അദ്ദേഹം സമ്മതിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 104.37 കോടിയുടെ തട്ടിപ്പാണ് പിടികൂടിയത്. ഇതിൽ ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി .ഡി സതീശനും രൂക്ഷമായാണ് ആക്ഷേപമുന്നയിച്ചത്. മാധ്യമങ്ങൾ ബാങ്ക് തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നിട്ടും ഇന്നലെയാണ് ഭരണസമിതി പിരിച്ചുവിടാൻ പാർട്ടി തയാറായത്. പ്രളയഫണ്ട് തട്ടിപ്പ്, സ്വർണക്കള്ളക്കടത്ത് എന്നിവയിലെല്ലാം പാർട്ടിക്കാരെ മുഴുവൻ സി.പി.എം രക്ഷിച്ചെടുത്തു. പതിനായിരം രൂപയ്ക്ക് വേണ്ടി ആളുകൾ ബാങ്കിന് മുന്നിൽ ക്യൂ നിൽക്കുകയാണ്. ജയിലിൽ നിന്നുകൊണ്ട് പാർട്ടിക്കാരായ കൊലപ്പുള്ളികൾ ക്വട്ടേഷൻ സംഘങ്ങളെ ഏറ്റെടുക്കുന്നു- ഷാഫിയുടെ വാക്കുകൾക്ക് അടിവരയിടുന്നതായി സതീശന്റെയും വാക്കുകൾ.
എല്ലാ തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കും കുടപിടിച്ചുകൊടുക്കുന്ന പാർട്ടിയായി സി.പി.എം മാറി. നേതാക്കന്മാരെയും അണികളെയും അഴിച്ചുവിട്ടിരിക്കുകയാണ്. കേരളം കാണുന്ന ഏറ്റവും വലിയ തട്ടിപ്പുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇവയിലെല്ലാം പാർട്ടിക്കാരുമുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് കേരള ബാങ്ക് 50 കോടി രൂപ നൽകാൻ തീരുമാനിച്ചതാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കാനുള്ള ക്രമക്കേടുകൾക്കാണ് പാർട്ടി കൂട്ടുനിൽക്കുന്നത്.


പലതരം തട്ടിപ്പുകളുടെ ഘോഷയാത്രയാണ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപ നേതാവ് പി .കെ കുഞ്ഞാലിക്കുട്ടിക്ക് ഉറപ്പാണ്. എല്ലാം ഇതുവരെ കേട്ടുകേൾവിയില്ലാത്തവ. കരിപ്പൂർ സ്വർണക്കടത്ത് ഉൾപ്പെടെയുള്ള അപസർപ്പക കഥകൾ കേരളം വായിച്ചുകൊണ്ടിരിക്കുന്നുണ്ട്-നിയമ സഭയിൽ തിരിച്ചെത്തിയ ലീഗ് നേതാവിന് സഭ ചേർന്ന ദിവസങ്ങളിലെല്ലാം ഇതുപോലെ ഓരോ കാര്യങ്ങൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. എല്ലാം അദ്ദേഹം കുറിക്കു കൊള്ളുന്ന മട്ടിൽ ഉപയോഗിക്കുന്നു. കുഞ്ഞാലിക്കുട്ടിയെ പോലൊരാൾ നിയമ സഭയിലുണ്ടാകുന്നത് നല്ലതാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്.


മുട്ടിൽ മരംമുറി ഉന്നയിച്ചും പ്രതിപക്ഷം പ്രതിഷേധം തീർത്തു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ നിലപാട്. ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. ചോദ്യോത്തരവേളയിൽ ആദ്യ ചോദ്യം തന്നെ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ടായിരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും സമഗ്രമായ അന്വഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടി. ജുഡീഷ്യൽ അന്വഷണത്തെ കുറിച്ച് ഇപ്പോൾ ആലോചനയില്ല. രണ്ടാം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ മുട്ടിൽ മരംമുറി വിവാദത്തിൽ വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ചായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രന്റെ വാക്കുകൾ. 


ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ നടപടികൾ ആലോചിച്ചുവരുന്നു. മരം മുറി വിവാദം സംബന്ധിച്ച് ഒരു ഉത്തരവും വനം വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. റവന്യൂ വകുപ്പുമായി ഒരു ഭിന്നതയും ഈ വിഷയത്തിൽ ഇല്ല. മരംമുറി വിവാദവുമായി ബന്ധപ്പെട്ടുള്ള ഒരു തീരുമാനവും റവന്യൂ വകുപ്പുമായി ആലോചിക്കാതെ സ്വീകരിച്ചിട്ടില്ല- മുതിർന്ന രാഷ്ട്രീയക്കാരനായ ശശീന്ദ്രന്റെ വാക്കുകകളുടെ മുന നീണ്ടു ചെല്ലുന്നത് സി.പി.ഐയുടെ മുൻ മന്ത്രിമാരിലേക്കാണോ എന്ന് പിന്നീടറിയാം. ശശീന്ദ്രനെ കഴിഞ്ഞ ദിവസം പ്രതിപക്ഷം വളഞ്ഞിട്ടാക്രമിച്ചപ്പോൾ മനസറിഞ്ഞ് പിന്തുണക്കാൻ മുഖ്യമന്ത്രിയും എം.എം മണിയുമേ ഉണ്ടായിരുന്നുള്ളൂ. കുണ്ടറയിലെ പെൺകുട്ടിയുടെ ഫോൺ വിളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആക്രമിക്കപ്പെട്ടപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞ ദിവസം ശശീന്ദ്രൻ തയ്യാറായിരുന്നില്ല. ഇന്നലത്തെതോടെ ശശീന്ദ്രന്റെ കാര്യം കഴിഞ്ഞുവെന്ന് എല്ലാവരുടെയും ധാരണ. ഒന്നും സംഭവിച്ചില്ല. എതിരാളികൾക്ക് മുന്നിൽ മന്ത്രി ശശീന്ദ്രനിതാ പനപോലെ- കളി ശശീന്ദ്രനോട് വേണ്ട. 
ഇന്നലെ നടന്ന മറ്റൊരു കൗതുകം- കെ.എം മാണിയുടെ ബജറ്റവതരണ ഘട്ടത്തിൽ നിയമ സഭയിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ അഞ്ച്. മുഖ്യമന്ത്രിയുടെ ഉത്തരവും കൃത്യമായി അഞ്ച് തന്നെ- വിവരം ശേഖരിച്ചു വരുന്നു. മലയോടാണോ കലമെറിയുന്നത്. കലം പൊട്ടിപ്പോകും. മലയവിടെ തന്നെ കാണും.
 

Latest News