കയ്‌റോ - ഈജിപ്തിലെ അൽദഖഹ്‌ലിയ ഗവർണറേറ്റിൽ ഡോക്ടറായ യുവതിയെ മക്കളുടെ മുന്നിലിട്ട് ഭർത്താവ് നിഷ്ഠൂരമായി കുത്തിക്കൊന്നു. ബലിപെരുന്നാൾ ദിവസത്തിലാണ് നാടിനെ നടുക്കിയ സംഭവം. ദന്ത ഡോക്ടറായ പ്രതി കൃത്യത്തിനു ശേഷം രക്ഷപ്പെട്ടു. അൽദഖഹ്‌ലിയ ഗവർണറേറ്റിലെ അൽമൻസൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടിൽ വെച്ചാണ് മൂന്നു മക്കളുടെ മുന്നിലിട്ട് പ്രതി ഭാര്യയെ കുത്തിക്കൊന്നത്. യുവതിക്ക് പതിനൊന്നു തവണ കുത്തേറ്റു.
വീട്ടുകാര്യങ്ങളെ ചൊല്ലിയുള്ള നിസ്സാര തർക്കത്തെ തുടർന്നാണ് ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുൽഹാദി (29) ഡോക്ടറായ ഭാര്യ യാസ്മിൻ ഹസൻ യൂസുഫ് സുലൈമാനെ (26) മക്കളുടെ മുന്നിലിട്ട് തുരുതുരാ കുത്തിയത്. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് മരിച്ചുകിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയും കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. രക്ഷപ്പെട്ട പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണ്.