കണ്ണൂർ- സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്യാനിരിക്കെ ബൈക്ക് അപകടത്തിൽ മരിച്ച റമീസ് ഉപയോഗിച്ചത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഉടമസ്ഥതയിലുള്ള ബൈക്ക്. റമീസ് അമിതവേഗതയിലാണ് ബൈക്ക് ഓടിച്ചത് എന്നാണ് പോലീസ് പറയുന്നത്. കാറിലേക്ക് റമീസ് ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വാരിയെല്ലുകൾ തകർന്ന നിലയിലാണ് റമീസിനെ ആശുപത്രിയിൽ എത്തിച്ചത്. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച റമീസ് പുലർച്ചയോടെ മരിച്ചു. അതേസമയം, റമീസിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. എന്നാൽ, മരണത്തിൽ കേരള പോലീസിന്റെ അന്വേഷണമടക്കും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കസ്റ്റംസ്. അർജുൻ ആയങ്കിയുടെ സുഹൃത്തും സഹായിയുമാണ് റമീസ്. ഇയാളോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. കണ്ണൂരിൽ അർജുൻ ആയങ്കിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയ സമയത്ത് റമീസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് കണ്ടെത്തിയ നിർണായക രേഖകളുടെ അടിസ്ഥാനത്തിലാണ് റമീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.