Sorry, you need to enable JavaScript to visit this website.

മെയിന്റനൻസ് കരാറുകളിൽ സൂപ്പർവൈസറി തൊഴിലുകളിൽ സമ്പൂർണ സൗദിവൽക്കരണം

റിയാദ് - സർക്കാർ വകുപ്പുകളിലെയും സർക്കാറിന് 51 ശതമാനത്തിൽ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും മെയിന്റനൻസ്, ഓപ്പറേഷൻസ് കരാറുകൾ ഏറ്റെടുക്കുന്ന കമ്പനികളിലും സ്ഥാപനങ്ങളിലും സൂപ്പർവൈസറി തൊഴിലുകൾ പൂർണമായും സൗദിവൽക്കരിക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സൗദിവൽക്കരണ ഗൈഡ് വ്യക്തമാക്കുന്നു. അഡ്മിനിസ്‌ട്രേഷനിലെ ഉന്നത തസ്തികകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കുറയാൻ പാടില്ല. എൻജിനീയറിംഗ്, സ്‌പെഷ്യലിസ്റ്റ് ജോലികളിൽ സൗദിവൽക്കരണം 30 ശതമാനത്തിലും കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സുരക്ഷാ, ഐ.ടി, പൊതുസേവനം, അഡ്മിനിസ്‌ട്രേറ്റീവ് സേവനം, സപ്പോർട്ട് സർവീസുകൾ എന്നീ മേഖലകളിലെ സൂപ്പർവൈസറി തസ്തികകൾ പൂർണമായും സൗദിവൽക്കരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 
ഇത്തരം സ്ഥാപനങ്ങളിൽ തുടക്കത്തിൽ പൊതുവിൽ 30 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. പിന്നീട് ക്രമാനുഗതമായി സൗദിവൽക്കരണം ഉയർത്തണം. സൗദിവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ഗണത്തിൽ പെടുന്ന മുഴുവൻ തൊഴിലവസരങ്ങളും നാഷണൽ ഗേറ്റ്‌വേ ഓഫ് ലേബർ ആയ താഖാത്ത് പോർട്ടലിൽ കരാറുകാർ പരസ്യപ്പെടുത്തൽ നിർബന്ധമാണെന്ന് ഗൈഡ് വ്യക്തമാക്കുന്നു. ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലാ സൗദിവൽക്കരണം വ്യക്തമാക്കുന്ന ഗൈഡ് ഒമ്പതു പ്രധാന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുമെന്ന് ഈ മേഖലയിൽ സൗദിവൽക്കരണം ഉയർത്തുന്നതിൽ പങ്കാളിത്തം വഹിക്കുന്ന സർക്കാർ വകുപ്പുകൾ വിലയിരുത്തുന്നു. ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയുടെ വളർച്ച, വികസനം, സൗദികളുടെ റിക്രൂട്ട്‌മെന്റ് വർധിപ്പിക്കൽ, പ്രാദേശിക ഉള്ളടക്കത്തിന്റെയും ദേശീയ സമ്പദ്‌വ്യവസ്ഥയുടെയും വളർച്ച എന്നിവക്കെല്ലാം ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലാ സൗദിവൽക്കരണം സഹായകമാകും.  ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളിൽ സൗദിവൽക്കരണ വ്യവസ്ഥകൾ വിശദീകരിക്കൽ, സൗദിവൽക്കരണ വ്യവസ്ഥകൾ ഏകീകരിക്കൽ, മിനിമം വേതനം നിർണയിക്കൽ, സൗദികൾക്ക് പരിശീലനം നൽകാനും സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുമുള്ള സംവിധാനം, സൗദി ജീവനക്കാരുടെ പ്രകടനവും സ്ഥാനക്കയറ്റവും നിരീക്ഷിക്കൽ, തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് ഓപ്പറേഷൻസ്, മെയിന്റനൻസ് കരാർ കാലാവധി അവസാനിക്കുന്നതോടെ സ്വദേശി ജീവനക്കാരെ ബദൽ കരാറുകളിലേക്ക് മാറ്റൽ എന്നിവയെല്ലാം ഗൈഡ് ലക്ഷ്യമിടുന്നു. ഓപ്പറേഷൻസ്, മെയിന്റനൻസ് മേഖലയിൽ വ്യത്യസ്ത വിഭാഗം തൊഴിലുകളിൽ പാലിക്കേണ്ട സൗദിവൽക്കരണ അനുപാതവും ഓരോ വിഭാഗത്തിലെയും മിനിമം വേതനവും ഗൈഡ് പ്രത്യേകം പ്രത്യേകം നിർണയിക്കുന്നു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, ധനമന്ത്രാലയം, മാനവശേഷി വികസന നിധി, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി, ഗവൺമെന്റ് എക്‌സ്‌പെൻഡിച്ചർ ആന്റ് പ്രൊജക്ട്‌സ് എഫിഷ്യൻസി അതോറിറ്റി എന്നീ ആറു സർക്കാർ വകുപ്പുകൾ മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുന്നു. 
സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം, മെയിന്റൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സൗദിവൽക്കരണം ബാധകമാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ തീരുമാനം നാലു മാസം മുമ്പ് പ്രാബല്യത്തിൽവന്നിരുന്നു. സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിതാഖാത്തിലെ വിഭാഗത്തിനും അനുസൃതമായി പാലിക്കേണ്ട സൗദിവൽക്കരണ അനുപാതത്തിൽ മൂന്നു ശതമാനം വർധനവാണ് അന്ന് വരുത്തിയിരുന്നത്. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിതാഖാത്ത് പ്രകാരം ബാധകമായ സൗദിവൽക്കരണ അനുപാതം പതിവായി പുനഃപരിശോധിക്കുന്നതിന്റെയും മെയിന്റൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കാൻ നേരത്തെ പ്രഖ്യാപിച്ച തീരുമാനങ്ങൾക്ക് അനുസൃതമായുമാണ്  സൗദിവൽക്കരണ അനുപാതം വർധിപ്പിച്ചത്. സ്വദേശികൾക്ക് ആകർഷകവും സുസ്ഥിരവമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാണ് മെയിന്റൻസ്, ഓപ്പറേഷൻസ് മേഖലക്ക് ബാധകമായ സൗദിവൽക്കരണ അനുപാതം ഉയർത്തിയതിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ലക്ഷ്യമിടുന്നത്.

Latest News