മക്ക - ഹജ് പൂര്‍ത്തിയായി പുണ്യസ്ഥലങ്ങളില്‍ നിന്ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തുന്ന തീര്‍ഥാടകര്‍ ഐസൊലേഷന്‍ പാലിക്കേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഇവര്‍ കൊറോണ പരിശോധന നടത്തേണ്ടതുമില്ല. മുഴുവന്‍ ഹജ് തീര്‍ഥാടകരും ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ചവരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ ഹജ് കര്‍മം പൂര്‍ത്തിയായി രണ്ടാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങളൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കില്‍ ഹാജിമാര്‍ ഐസൊലേഷന്‍ പാലിക്കുകയോ പരിശോധന നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഹജ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ചിലര്‍ ഐസൊലേഷന്‍ പാലിക്കേണ്ടതിനെയും കൊറോണ പരിശോധന നടത്തേണ്ടതിനെയും കുറിച്ച് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. അറുപതു ശതമാനത്തോളം ഹാജിമാര്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി പുണ്യസ്ഥലങ്ങളില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. അവശേഷിക്കുന്നവര്‍ വെള്ളിയാഴ്ച
കൂടി കല്ലേറ് കര്‍മം നിര്‍വഹിച്ച് പുണ്യസ്ഥലങ്ങളോട് വിടചൊല്ലും.