Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ പ്ലസ് ടു സീറ്റ് പ്രതിസന്ധി;  ഫ്രറ്റേണിറ്റി നിയമസഭാ മാർച്ചിൽ സംഘർഷം

മലപ്പുറത്തെ പ്ലസ്ടു സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് ജല പീരങ്കി പ്രയോഗിക്കുന്നു.
മലപ്പുറത്തെ പ്ലസ്ടു സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ നിയമസഭാ മാർച്ച് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്യുന്നു.


തിരുവനന്തപുരം- മലപ്പുറം ജില്ലയിലെ പ്ലസ്ടു സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. വിദ്യാർഥികൾക്കു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. മലബാറിനോടും വിശിഷ്യാ മലപ്പുറം ജില്ലയോടുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കണമെന്നുമാവശ്യപ്പൊണട്ട് ഫ്രറ്റേണിറ്റി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഓരോ വർഷവും മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് റഗുലർ പഠന സൗകര്യമില്ലാത്തതിന്റെ പേരിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്. ഈ വർഷം 29,297 വിദ്യാർഥികൾക്കാണ് മലപ്പുറം ജില്ലയിൽ തുടർ പഠനം നിഷേധിക്കപ്പെടുന്ന സാഹചര്യമുള്ളതെന്ന് നജ്ദ റൈഹാൻ പറഞ്ഞു. 


70 ശതമാനം മാർക്ക് നേടി ഉന്നത വിജയം നേടിയവർക്ക് പോലും സീറ്റില്ലാത്തതിന്റെ പേരിൽ പ്രൈവറ്റ് സംവിധാനത്തെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ഒരു വിദ്യാർഥി പോലും അഡ്മിഷനെടുക്കാതെ തെക്കൻ ജില്ലകളിൽ ബാച്ചുകൾ തന്നെ കാലിയായി കിടക്കുമ്പോഴാണ് മലപ്പുറത്തെ ഉന്നത വിജയം നേടിയ വിദ്യാർഥികൾ വർഷങ്ങളായി ഈ അനീതിക്കിരയാവുന്നത്. തെക്കൻ ജില്ലകളിൽ ഒരു എ പ്ലസ് പോലും ലഭിക്കാത്ത വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള സ്‌കൂളിൽ താൽപര്യമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനവസരമുണ്ട്. മിനിമം ഗ്രേഡ് യോഗ്യത നേടി വിജയിച്ച അവസാന വിദ്യാർഥിക്കും അവിടെ പ്ലസ് വണിന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ വേണ്ടത്ര ബാച്ചുകളില്ലാത്തതിനാൽ മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥിക്ക് പോലും ഇഷ്ടമുള്ള കോഴ്‌സോ സ്‌കൂളോ ലഭിക്കാത്ത അവസ്ഥയാണെന്നും നജ്ദ റൈഹാൻ ചൂണ്ടിക്കാട്ടി.


കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ പറഞ്ഞു. മലപ്പുറത്തെ 11 നിയമസഭാ മണ്ഡലങ്ങളിലായി 20 ഹൈസ്‌കൂളുകളിൽ ഇപ്പോഴും ഹയർ സെക്കണ്ടറി നിലവിലില്ലെന്ന് സഫീർ ചൂണ്ടിക്കാട്ടി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി എ.ആദിൽ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം സയ്യിദ് ഉമ്മർ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറി സൽമാൻ താനൂർ, ഹാദി ഹസ്സൻ, ഷരീഫ് സി.പി, ഷബീർ പി.കെ എന്നിവർ മാർച്ചിന് നേതൃത്വം നൽകി. നിയമസഭാ മന്ദിരത്തിന് സമീപം മാർച്ച് തടഞ്ഞ പോലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കിയും പ്രയോഗിച്ചു. 


 

Latest News