Sorry, you need to enable JavaScript to visit this website.

ശ്രീജിത്തിന്റെ അമ്മക്കും സഹോദരിക്കുമൊപ്പം മുനവറലി തങ്ങൾ ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം- സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് സമീപം എഴുന്നൂറ് ദിവസത്തിലേറെയായി സമരം നടത്തുന്ന ശ്രീജിത്തിന്റെ അമ്മ പ്രമീള രമണിക്കും സഹോദരിക്കുമൊപ്പം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കേരള ഗവർണർ പി. സദാശിവത്തെ കണ്ടു. ഇന്ന് രാവിലെയാണ് മുനവ്വറലി ശിഹാബ് തങ്ങൾക്കൊപ്പം ശ്രീജിത്തിന്റെ അമ്മയും സഹോദരിയും ഗവർണറെ സന്ദർശിച്ചത്. കുടുംബത്തിന് നീതി ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവർണറോട് മുനവറലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച നിവേദനവും കൈമാറി. ആവശ്യമായത് ചെയ്യാമെന്ന് ഗവർണർ ഉറപ്പുനൽകി. 
766 ദിവസത്തോളമായി സെക്രട്ടറിയേറ്റിന് സമീപം സമരം നടത്തുന്ന ശ്രീജിത്ത് ഒരു മാസത്തിലേറെയായി നിരാഹാരസമരത്തിലാണ്. ശ്രീജിത്തിന്റെ അനിയൻ ശ്രീജിവ് പോലീസ് കസ്റ്റഡിയിലാണ് മരിച്ചത്. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്. 
അതിനിടെ, ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് കത്തയച്ചു. 
പാറശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് സി.ബി.ഐ ഏറ്റെടുക്കണമെ ന്ന് 2017 ജൂലായിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സർക്കാരിന്റെ അഭ്യ ർത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സർ ക്കാർ ഇപ്പോൾ ആവശ്യപ്പെട്ടത്. ശ്രീജീവിന്റെ മരണത്തിൽ പൊലീസുകാർക്ക് പങ്കുണ്ടെ ന്ന ആരോപണം ഉയർന്നതിനാലാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് സർക്കാർ ആവ ശ്യപ്പെട്ടതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിൽ ശ്രീജീവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യ പ്പെട്ട് ശ്രീജീവിന്റെ സഹോദരൻ രണ്ടു വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തി ലുമാണ്. അതിനാൽ കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകണമെന്നും ചീഫ് സെക്രട്ടറി പോൾ ആന്റണി കത്തിൽ ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ സമരത്തിന് പിൻതുണയുമായി ചലച്ചിത്ര താരങ്ങളും, വൻ ജനാവലിയും സ്ഥലത്തെത്തുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ് ഇന്നലെ സമരപ്പന്തലിലെത്തി. കഴിഞ്ഞ ദിവസം ടൊവിനൊ സമൂഹ മാധ്യമത്തിലൂടെ ശ്രീജിത്തിന് പിൻതുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടൊവിനോ സമരപന്തലിലെത്തി ശ്രീജിത്തിന് പിൻതുണ നൽകിയത്. ടൊവി നോയുടെ വികാരനിർഭരമായ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 
ടൊവിനോയുടെ പ്രസംഗത്തിൽനിന്ന്: 
'ഞാൻ കൂടി ഉൾപ്പെടുന്ന മലയാളി സമൂഹം കണ്ടില്ലെന്ന് നടിച്ച സമരമാണ് ശ്രീജിത്തി ന്റേത്. ഏതാനും ദിവസം മുൻപാണ് ഇതേക്കുറിച്ച് അറിഞ്ഞത്. അറിഞ്ഞപ്പോൾ ഫെയ് സ്ബുക്കിൽ ഒരു പോസ്റ്റ് ഇടാതെ നേരിട്ടു വരണം എന്നുതോന്നി. എനിക്കു രാഷ്ട്രീയമി ല്ല. എന്തുപറഞ്ഞാലും എന്തു ചെയ്താലും രാഷ്ട്രീയമാക്കുന്ന കാലമാണ്. എന്റേതു മനുഷ്യത്വത്തിൻറെ രാഷ്ട്രീയമാണ്. നല്ലത് ചെയ്യുന്നതിനെ പിന്തുണയ്ക്കുക എന്നതാണ് എന്റെ രീതി. എനിക്ക് ഒരു ജ്യേഷ്ഠനുണ്ട്. ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അവനെ ആരു തൊട്ടാലും വെറുതെയിരിക്കാൻ എനിക്ക് കഴിയില്ല. അവനും അങ്ങനെ തന്നെ. ഇതൊക്കെ നോക്കുമ്പോൾ ശ്രീജിത്തിന്റെ സമരം മഹത്തായ മാതൃകയാണ്. ഇത്രകാലം ഈ സമരം മുന്നോട്ടു കൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല. താൻ ഇവിടെ വന്നു എന്നതുകൊണ്ട് ഈ സമരത്തിന്റെ പ്രാധാന്യം കൂടുതൽ പേർ അറിയുമെങ്കിൽ സന്തോഷം. കുറ്റവാളി ആരെന്ന് കോടതി തീരുമാനിക്കട്ടെ. അവർക്ക് പരമാവധി ശിക്ഷ വാങ്ങി നൽകണം.' ടൊവിനോ പറഞ്ഞു. 
ചലച്ചിത്ര നടി പ്രിയങ്കനായരും കഴിഞ്ഞദിവസം ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു. ഒരു ഹാഷ്ടാഗിൽ ഒതുക്കാൻ തോന്നിയില്ല ശ്രീജിത്തിന്റെ ഈ പോരാട്ടത്തെ. ശ്രീജിത്തി ന്റെ അത്രയും പോലും പ്രതികരിക്കാൻ കഴിയാതെ പോകുന്ന എത്രയോ സാധാരണ മനുഷ്യർ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ജീവിക്കുന്നുണ്ടാവും. അവർക്കൊക്കെ നീതി ലഭിക്കട്ടെ. ഇനിയും ശ്രീജിത്തുമാർ ഉണ്ടാവാതിരിക്കട്ടെ. സുകൃതം ചെയ്യണം ഇതുപോലെ ഒരു സഹോദരൻ ഉണ്ടാവാൻ. എല്ലാ പിന്തുണയും. ഞാനിവിടെ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ആളാണ്. മാർ ഇവാനിയോസ് കോളജിലാണ് പഠിച്ചത്. കോളജിലേക്ക് പോകുന്ന വഴിയിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരവധി സമരങ്ങൾ കണ്ടിട്ടുണ്ട്. അത് എന്നുമെന്നെ വിഷമിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തെപ്പറ്റി അറിഞ്ഞത്. ഹാഷ്ടാഗിനപ്പുറം അദ്ദേഹത്തെ നേരിട്ടു വന്ന് കാണണമെന്ന് തോന്നി. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കൂടെയുണ്ട്. ഇനിയും ഇതു പോലുള്ള ശ്രീജിത്തുമാർ ഉണ്ടാകരുത്. ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്.' പ്രിയങ്ക പറഞ്ഞു.
ശ്രീജിത്തിന്റെ സമരത്തിന് സമൂഹ മാധ്യമങ്ങളുടെ വലിയ പിൻതുണയും ലഭിച്ചു. വലിയ ജനക്കൂട്ടമാണ് കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിൽ എത്തിയത്. ശ്രീജിത്തിന് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം ഏറുകയാണ്. നിവിൻ പോളിയടക്കം നിരവധി താരങ്ങളും ശ്രീജിത്തിന് പിൻതുണയുമായി രംഗത്തുണ്ട്. ശ്രീജിത്തിന് ഐക്യദാർഢ്യവുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ കൂറ്റൻ പ്രകടനവും നടത്തി.
 

Latest News