റിയാദ്- ഈ വർഷം രണ്ടാം പാദത്തിൽ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം ഉയർത്തിയതായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജൂണിൽ പ്രതിദിനം 89.06 ലക്ഷം ബാരൽ തോതിലായിരുന്നു സൗദിയുടെ എണ്ണയുൽപാദനം. മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ സൗദി അറേബ്യ എണ്ണയുൽപാദനം 5.01 ശതമാനം തോതിൽ ഉയർത്തി. ജൂണിൽ പ്രതിദിന ഉൽപാദനത്തിൽ 4,25,000 ബാരലിന്റെ വർധനയാണ് വരുത്തിയത്.
മെയ് മാസത്തിൽ പ്രതിദിന ഉൽപാദനം 84.81 ലക്ഷം ബാരലായിരുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ സൗദി അറേബ്യ എണ്ണയുൽപാദനം ഉയർത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ പ്രതിദിനം 81.22 ലക്ഷം ബാരൽ തോതിലായിരുന്നു എണ്ണയുൽപാദനം.
ജൂൺ മാസത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ പത്തു ഒപെക് രാജ്യങ്ങൾ ഉൽപാദനം വർധിപ്പിച്ചു. സൗദി അറേബ്യ പ്രതിദിന ഉൽപാദനത്തിൽ 4,25,000 ബാരലിന്റെ വർധനയാണ് വരുത്തിയത്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇ പ്രതിദിന ഉൽപാദനം 40,000 ബാരൽ തോതിൽ ഉയർത്തി. ജൂണിൽ യു.എ.ഇയുടെ പ്രതിദിന എണ്ണയുൽപാദനം 26.8 ലക്ഷം ബാരലായിരുന്നു. ജൂണിൽ ഒപെക് രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ 5,86,000 ബാരലിന്റെ വർധനയാണ് വരുത്തിയത്. ജൂണിൽ ഒപെക് രാജ്യങ്ങളുടെ പ്രതിദിന എണ്ണയുൽപാദനം 26.034 ദശലക്ഷം ബാരലായിരുന്നു. മേയിൽ ഇത് 25.448 ദശലക്ഷം ബാരലായിരുന്നു. ജൂണിൽ ഒപെക് രാജ്യങ്ങൾ ഉൽപാദനത്തിൽ വരുത്തിയ വർധനയുടെ 72.5 ശതമാനവും സൗദി അറേബ്യയുടെ വിഹിതമാണ്.