കൊച്ചി- മുസ്‌ലിം സംവരണ അട്ടിമറിയിൽ പ്രതിഷേധിച്ച് സംയുക്ത പ്രക്ഷോഭത്തിന് ഇരുപത്തഞ്ചിലധികം മുസ്‌ലിം സംഘടനകളുടെ തീരുമാനം. 2008 മുതൽ മുസ്‌ലിംകൾക്ക് ലഭ്യമായിക്കൊണ്ടിരുന്ന സ്‌കോളർഷിപ്പുകൾ പൂർവസ്ഥിതിയിൽ നൂറു ശതമാനമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുസ്‌ലിം സംഘടനകൾ സംയുക്ത സമരസമിതി രൂപീകരിച്ച് ബഹുമുഖമായ സമര പരിപാടികളിലേക്ക് പ്രവേശിക്കും.
2001 ലെ ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷനും പാലോളി കമ്മിറ്റിയുമൊക്കെ ശാസ്ത്രീയമായി കണ്ടെത്തിയ വിദ്യാഭ്യാസ ഉദ്യോഗ രംഗത്തെ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ രണ്ട് പതിറ്റാണ്ടിനിടയിൽ സംസ്ഥാനം ഭരിച്ച ഇരു മുന്നണികൾക്കും കഴിഞ്ഞിട്ടില്ലെന്ന് വിവിധ മുസ്‌ലിം നേതാക്കളുടെ യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇനിയും ഈ കബളിപ്പിക്കുന്നതിന് ഇരയാകാൻ സമുദായത്തെ കിട്ടില്ലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും.
പാലോളി കമ്മിറ്റിയിലും പ്രകടനപത്രികയിലും ഇടതുപക്ഷ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ ഇനിയെങ്കിലും വൈകാതെ നടപ്പിലാക്കാൻ സർക്കാരിനോട് സംയുക്തമായി ആവശ്യപ്പെടും. സച്ചാർ ശുപാർകളെ തുടർന്ന് സ്ഥാപിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ എല്ലാ പദ്ധതികളും മുസലിം ന്യൂനപക്ഷ ത്തിനായി മാത്രം പരിമിതപ്പെടുത്തി സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഓൺലൈനിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
മന്ത്രിസഭാ തീരുമാനത്തെ തുടർന്നുള്ള ഭാവി കാര്യങ്ങൾ രാഷ്ട്രീയവും നയപരവുമായ തീരുമാനമെടുത്ത് പരിഹരിക്കുവാൻ എല്ലാ ജനാധിപത്യ കക്ഷികളും നിയമസഭക്കകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കണമെന്നും നേതൃയോഗം ബന്ധപ്പെട്ട എല്ലാവരോടും അഭ്യർഥിച്ചു. ഇക്കാര്യത്തിൽ വിശദവും ഏകീകൃതവുമായ നിലപാടുകളും നിയമ നടപടികളും പ്രത്യക്ഷ സമരമാർഗങ്ങളും തീരുമാനിക്കുന്നതിന് മഴുവൻ മത സാമുദായിക സാമൂഹ്യ സംഘടനകളുടെ യോഗം ചേർന്ന് പൊതു ബാനറിനു കീഴിൽ മുന്നോട്ടു പോകുവാനും തീരുമാനിച്ചു. വ്യാഴാഴ്ച കേരളത്തിലെ മുസ്‌ലിം നേതൃത്വവും കോഴിക്കോട്ട് ചേർന്നു അന്തിമ രൂപം നൽകുന്നതിനുള്ള നടപടികളിൽ എല്ലാവരും സഹരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രൊഫ. ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. മുൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. പി.നസീർ മോഡറേറ്ററായിരുന്നു. എൻ.കെ. അലി യോഗത്തിന്റെ അജണ്ടയും ഭാവി കാര്യങ്ങൾക്കുള്ള കരട് രൂപവും അവതരിപ്പിച്ചു. മുൻ അസീ ഡീഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ, ഡോ.ഹുസൈൻ മടവൂർ, ഡോ.എൻ.എ.എം അബ്ദുൽ ഖാദർ, ഡോ.എം. അബ്ദുൽ സലാം, ഡോ. ബദീഉസ്സമാൻ, ഡോ.കുഞ്ഞിമുഹമ്മദ് പുലവത്ത്, ഷിഹാബ് പൂക്കോട്ടൂർ, കടയ്ക്കൽ ജുനൈദ്, ഹനീഫ ചുനക്കര, ഹനീഫ പെരിഞ്ചീരി, എം.തമീമുദ്ദീൻ, എം.എ.ലത്തീഫ്, എം.ആരിഫ് ഖാൻ, ജുനൈദ് ഖാൻ, സി.എച്ച് ഹംസ, സി.ബി കുഞ്ഞുമുഹമ്മദ്, എ. മഹമൂദ്, നിസാർ പത്തനംതിട്ട, എം.എച്ച് ഷാജി, അബ്ദുൽ സലാം ക്ലാപ്പന, ടി.എസ് അസീസ്, തുടങ്ങിയ ഇരുപത്തഞ്ചിലധികം സംഘടനകളുടെ പ്രതിനിധികളായി 53 പേർ പങ്കെടുത്തു.