കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണാധീനമായ കുവൈത്തിൽ സെപ്തംബർ മുതൽ നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിക്കാൻ സജ്ജമായി 900ത്തോളം സ്‌കൂളുകൾ. കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പൂർണമായി പാലിച്ച് സ്‌കൂളുകൾ തുറക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി യാസീൻ അൽ യാസീൻ അറിയിച്ചു.
സെപ്തംബറിൽ സ്‌കൂൾ ക്ലാസ്സുകൾ ആരംഭിക്കാൻ കഴിഞ്ഞ മാർച്ചിൽ തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നുവെങ്കിലും 100 ശതമാനം കുട്ടികളെയും സ്‌കൂളുകളിൽ അനുവദിക്കണമോ എന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം അടുത്ത മാസം മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുമ്പോൾ നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിക്കുന്ന കാര്യത്തിൽ മൂന്ന് വഴികളാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. മുഴുവൻ കുട്ടികൾക്കും സ്‌കൂളുകളിൽ നേരിട്ടെത്താൻ അവസരം നൽകുകയെന്നതാണ് അതിലൊന്ന്. 50 ശതമാനം കുട്ടികൾ നേരിട്ട് സ്‌കൂളുകളിലെത്തുകയും ബാക്കി 50 ശതമാനം ഓൺലൈനായി പങ്കെടുക്കുകയും ചെയ്യുന്ന ഹൈബ്രിഡ് രീതി സ്വീകരിക്കുകയെന്നതാണ് രണ്ടാമത്തെ വഴി. നിലവിലുള്ളതു പോലെ പൂർണമായും ഓൺലൈനിൽ തുടരുകയെന്നതാണ് കമ്മിറ്റി മുന്നോട്ടുവച്ച മൂന്നാമത്തെ മാർഗം. അതേസമയം, കോവിഡ് വ്യാപനം ആരംഭിച്ചതു മുതൽ രാജ്യത്ത് നിലനിൽക്കുന്ന യാത്രാവിലക്ക് കാരണം മലയാളികൾ ഉൾപ്പെടെ നിരവധി അധ്യാപകർ തങ്ങളുടെ നാടുകളിൽ കുടുങ്ങിയിരിക്കുകയാണ്. നേരിട്ടുള്ള ക്ലാസ്സുകൾ ആരംഭിക്കുന്നതിൽ ഇത് തടസ്സമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ സ്‌കൂളുകളിലെ 1700ലേറെ അധ്യാപകർ വിദേശ രാജ്യങ്ങളിലാണ് ഉള്ളത്.