Sorry, you need to enable JavaScript to visit this website.

ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ല, കേസ് ഒത്തുതീര്‍ക്കണമെന്ന് മന്ത്രി പറഞ്ഞിട്ടില്ല- പി സി ചാക്കോ

കൊച്ചി- ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി ശശീന്ദ്രന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. വിഷയം അന്വേഷിക്കാന്‍ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ കൊല്ലത്തേക്ക് അയച്ചിട്ടുണ്ട്. അവര്‍ അവിടെ പോയി ബന്ധപ്പെട്ടവരെ കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി സി ചാക്കോ വ്യക്തമാക്കി.
പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി വേണം. അതില്‍ എന്‍ സി പിയോ ഇടതുപക്ഷമോ ഇടപെടില്ല. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാനാണ് ശശീന്ദ്രന്‍ വിളിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ശശീന്ദ്രന്‍ ഇടപെട്ടാല്‍ പ്രശ്‌നം തീരുമെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് വിളിച്ചതെന്നും പി സി ചാക്കോ പറഞ്ഞു.
കേസ് എന്നൊരു വാക്ക് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ല. ഇത് വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. കേരളത്തിലെ ഒരു മുന്‍മുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകള്‍ നിലപാട് എടുത്തിരുന്നു. എന്നുകരുതി അദ്ദേഹം രാജിവച്ചിട്ടില്ല. പീഡന പരാതി വ്യാജമെന്ന് വ്യാഖ്യാനിക്കാം. പെണ്‍കുട്ടിയുടെ പരാതിയില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ചാക്കോ പറഞ്ഞു.ശശീന്ദ്രന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ല. വസ്തുത അറിയാതെയാണ് പ്രതിപക്ഷ നേതാവ് ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ആരും രാജിവയ്ക്കില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ മാത്രമേ രാജിവയ്ക്കൂവെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
 

Latest News