കോഴിക്കോട്- ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കി കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍ (ഈദുല്‍ അസ്ഹ).കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകള്‍ പാലിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തി. നഗരത്തിലെ പള്ളികളില്‍ രാവിലെ 7.30നായിരുന്നു നമസ്‌കാരം. കോഴിക്കോട്ടെ മൊഹ്‌യുദ്ദീന്‍ പള്ളിയിലും മറ്റും വളണ്ടിയര്‍മാര്‍ സാമൂഹിക അകലം പാലിച്ച് നമസ്‌കാരത്തിനെത്തുന്നവര്‍ക്കുള്ള സ്ലോട്ടുകള്‍ കാണിച്ചു കൊടുത്ത് മാതൃകയായി. പതിനെട്ട് കോടിയുടെ വാക്‌സിന്‍ മലയാളി കൈകോര്‍ത്ത് ഒരു കുട്ടിയ്ക്ക് സഹായമെത്തിച്ചതും കൊച്ചു ഇംറാന്‍ സഹായം കൈപറ്റാനാവാതെ വിട വാങ്ങിയതുമുള്‍പ്പെടെ സമാകലിക വിഷയങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പെരുന്നാള്‍ പ്രബാഷണം. 40 പേര്‍ക്കാണ് പള്ളികളില്‍ നമസ്‌കാരത്തിന് അനുമതി. . ഒരു ഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കാണ് അനുമതി. സാമൂഹ്യ അകലവും ആളുകളുടെ എണ്ണവും കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈദ് ഗാഹ് ഒരിടത്തുമുണ്ടായില്ല.
പ്രവാചകനായ ഇബ്രാംഹിം നബി മകന്‍ ഇസ്മായീലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. സഹനത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും പുണ്യദിനം. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗം അനുസ്മരിക്കാന്‍ മൃഗബലി ചടങ്ങും നടത്തി. നിയന്ത്രണങ്ങള്‍ക്കിടയിലും പൊലിമ ചോരാതെ വീടുകളില്‍ ആഘോഷം ഒതുക്കുകയാണ് വിശ്വാസികള്‍.പെരുന്നാളിന് കിട്ടിയ ലോക്ഡൗണ്‍ ഇളവില്‍ കച്ചവടസ്ഥാപനങ്ങളെല്ലാം സജീവമായിരുന്നു. ചെറിയ പെരുന്നാളിന്റെ കച്ചവടം കൂടി കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളില്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വ്യാപാരി സമൂഹം. കോഴിക്കോട്ട് ബീച്ച് മോടികൂട്ടിയെങ്കിലും ഇത്തവണ പെരുന്നാളിന് കടപ്പുറത്ത് സംഗമിക്കാനാവില്ലെന്നതാണ് യുവതലമുറയുടെ സങ്കടം.
സ്ത്രീധന വിപത്തിനെത്തിനെതിരെ പെരുന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവിയുടെ സന്ദേശം. സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്നും സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നു സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും മാതാപിതാക്കള്‍, യുവതി യുവാക്കള്‍, മതമേധാവികള്‍ സ്ത്രീധനത്തിനെതിരെ നിലപാടെടുക്കണമെന്നും സുഹൈബ് മൗലവി ആഹ്വാനം ചെയ്തു.