മിനാ - ചില ആഭ്യന്തര ഹജ് സർവീസ് കമ്പനികളുടെ ഭാഗത്ത് വീഴ്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആക്ടിംഗ് ഹജ്, ഉംറ മന്ത്രി ഡോ. ഉസാം ബിൻ സഅദ് ബിൻ സഈദ് പറഞ്ഞു. മറ്റു സർവീസ് കമ്പനികൾക്കു കൂടി പാഠമായി മാറുന്ന നിലക്ക് ഈ കമ്പനികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ചകൾ വരുത്തുകയോ നേരത്തെ വാഗ്ദാനം ചെയ്തതു പോലുള്ള സേവനങ്ങൾ നൽകാതിരിക്കുകയോ ചെയ്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.
ഹാജിമാരുമായി കരാറുകൾ ഒപ്പുവെക്കുന്നതിനു മുമ്പായി വലിയ വാഗ്ദാനങ്ങൾ നൽകുന്ന വൻകിട കമ്പനികളുണ്ട്. എന്നാൽ തീർഥാടകരുമായി കരാറുകൾ ഒപ്പുവെച്ച ശേഷം നേരത്തെ നൽകിയ വാഗ്ദാനങ്ങൾക്ക് നിരക്കാത്ത സേവനങ്ങളാണ് ഈ കമ്പനികൾ നൽകുക. ഹജ്, ഉംറ മന്ത്രാലയത്തെ മുൻകൂട്ടി അറിയിച്ചതിനും തീർഥാടകരോട് വാഗ്ദാനം ചെയ്തതിനും അനുസൃതമായ സേവനങ്ങൾ സർവീസ് കമ്പനികൾ ഹാജിമാർക്ക് നൽകണമെന്നാണ് ഹജ്, ഉംറ മന്ത്രാലയം ആഗ്രഹിക്കുന്നത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് കമ്പനികളുടെ ഭാഗത്തുള്ള വീഴ്ചയായി കണക്കാക്കും.
ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ സൗദി ഭരണാാധികാരികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏറ്റവും മികച്ച സേവനങ്ങൾ തീർഥാടകർക്ക് നൽകേണ്ടതിന്റെ പ്രാധാന്യം ഭരണാധികാരികൾ എടുത്തുപറയുന്നു. ഹാജിമാർക്ക് നൽകുന്ന സേവനങ്ങളിൽ വീഴ്ചകൾ വരുത്തുന്നത് വെച്ചുപൊറിപ്പിക്കില്ലെന്നും ആക്ടിംഗ് ഹജ്, ഉംറ മന്ത്രി പറഞ്ഞു.
ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താനും അവരുടെ പരാതികൾ കേൾക്കാനും ഹജ്, ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്പുകളിൽ സന്ദർശനങ്ങൾ നടത്തുന്നുണ്ട്. ആക്ടിംഗ് ഹജ്, ഉംറ മന്ത്രിയും മക്ക റോയൽ കമ്മീഷനിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥരും തമ്പുകളിൽ പരിശോധനകൾ നടത്തുന്നുണ്ട്. കംപ്ലയിന്റ്സ് സെന്ററിൽ തീർഥാടകരിൽ നിന്ന് ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ വീഴ്ചകൾ പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുകയും വീഴ്ച വരുത്തുന്ന സർവീസ് കമ്പനികൾക്കെതിരായ കേസുകൾ ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റികൾക്കും വകുപ്പുകൾക്കും കൈമാറുകയും ചെയ്യുന്നു.