തലശ്ശേരി- മുസ്‌ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽ പീടിക പാറാൽ മൻസൂറിനെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകർ നൽകിയ ജാമ്യ ഹരജി നാലാം തവണയും കോടതി തള്ളി. തലശ്ശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത.് ഈ മാസം ആറിന് കേസിന്റെ കുറ്റപത്രം അന്വേഷണസംഘം തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ സമർപ്പിച്ചിരുന്നു.
രാഷ്ട്രീയ വിരോധം മൂലം നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം സി.പി.എം പ്രവർത്തകർ ബോംബെറിയുകയായിരുന്നു. ബോംബേറിൽ കാലിനു പരിക്കേറ്റ മൻസൂർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഏഴിനാണ് മരിച്ചത്. കേസിൽ സി.പി.എം പ്രവർത്തകരായ 14 പ്രതികളാണുള്ളത്. 10 പ്രതികളെ അറസ്റ്റ് ചെയ്തു. ഒരു പ്രതി ഒളിവിലാണ്.
മറ്റൊരു പ്രതി സംഭവശേഷം മരിച്ചു. റിമാൻഡിലായ പത്ത് പ്രതികളാണ് ജാമ്യ ഹരജി സമർപ്പിച്ചിരുന്നത.്
ഒന്നാംപ്രതി പുല്ലൂക്കര കുറുമ്പൻ കണ്ടിയിൽ കെ. കെ. ഷിനോസ് (30), മൂന്നാം പ്രതി പുല്ലൂക്കര യിലെ ഓച്ചിറക്കൽ ഒതയോത്ത് ഹൗസിൽ കെ. സംഗീത് (22), നാലാം പ്രതി പുല്ലൂക്കരയിലെ നെല്ലയിൽ ഹൗസിൽ കെ. കെ ശ്രീരാഗ് (25), അഞ്ചാം പ്രതി മുക്കിൽ പീടിക കായത്തിന്റെ പറമ്പത്ത് ഹൗസിൽ കെ.പി സുഹൈൽ (32), ഏഴാം പ്രതി പുല്ലൂക്കര പുത്തൻപുരയിൽ പി. അശ്വന്ത് (29), പന്ത്രണ്ടാം പ്രതി പുല്ലൂക്കര ഓച്ചിറക്കൽ പീടിക ഒതെയോത്ത് ഹൗസിൽ ഒ. അനീഷ് (38), പതിമൂന്നാം പ്രതി മുക്കിൽ പീടിക നന്നാടത്ത് പീടിക എലി കൊത്തിന്റെവിട ഹൗസിൽ ഇ. കെ ബിജേഷ് (37), പതിനാലാം പ്രതി പുല്ലൂക്കരയിലെ ഓചിറക്കൽപീടിക ഒതയോത്ത് ഹൗസിൽ വിപിൻ എന്ന കുട്ടപ്പൻ(28), മുണ്ടത്തോട് അണ കെട്ടിയ പറമ്പത്ത് എ.പി പ്രശോഭ് (35) എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട രതീഷിനെ വളയം പോലീസ് സ്‌റ്റേഷൻ അതിർത്തിയിലെ ആളൊഴിഞ്ഞ പറമ്പിലെ മരക്കൊമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം ഏപ്രിൽ ആറിന് സി പി എം അനുഭാവികളായ ദാമോദരൻ ,സ്വരൂപ് എന്നിവരെ ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്ന് സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി അക്രമം നടത്തി. ഇതിനിടെ മൻസൂർ കൊല്ലപ്പെട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.