Sorry, you need to enable JavaScript to visit this website.

ഇത് പ്രവാസികൾക്ക് സൗദി രാജാവിന്റെ പെരുന്നാൾ സമ്മാനം 

റിയാദ് - കോവിഡ് മഹാമാരിയെ തുടർന്ന് സ്വന്തം രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള സൗദി രാജാവിന്റെ പെരുന്നാൾ സമ്മാനമാണ് സൗജ്യന്യമായി ഇഖാമയും റീ എൻട്രിയും നീട്ടി നൽകാനുള്ള തീരുമാനം. ഓഗസ്റ്റ് 31 വരെയാണ് ഇവ നീട്ടി നൽകുന്നത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണിതെന്ന് ജവാസാത്ത് പറഞ്ഞു. കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ സൗദി അറേബ്യ നടത്തുന്ന നിരന്തര ശ്രമങ്ങളുടെയും സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ, പ്രതിരോധ നടപടികളുടെയും ഭാഗമായാണിതെന്നും ജവാസാത്ത് വ്യക്തമാക്കി. ഗുണഭോക്താക്കൾക്കു മേലുള്ള സാമ്പത്തിക, ധന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിക്കും. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് രീതിയിലാണ് ഇഖാമകളും റീ-എൻട്രികളും വിസിറ്റ് വിസകളും ദീർഘിപ്പിച്ചു നൽകുകയെന്നും ഇതിന് ജവാസാത്ത് ആസ്ഥാനങ്ങളെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്ത് ഡയറ്കടറേറ്റ് വ്യക്തമാക്കി.
ഇന്ത്യ, അർജന്റീന, യു.എ.ഇ, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, അയർലന്റ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, ബ്രിട്ടൻ, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, ഫ്രാൻസ്, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതാണ് താൽക്കാലികമായി വിലക്കിയിരുന്നത്. ഇക്കൂട്ടത്തിൽ പെട്ട യു.എ.ഇ, ജർമനി, അമേരിക്ക, അയർലന്റ്, ഇറ്റലി, പോർച്ചുഗൽ, ബ്രിട്ടൻ, സ്വീഡൻ, സ്വിറ്റ്‌സർലാന്റ്, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് മെയ് 30 ന് പുലർച്ചെ ഒന്നു മുതൽ എടുത്തുകളഞ്ഞു. ഇതോടെ ഇന്ത്യ, അർജന്റീന, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബ്രസീൽ, തുർക്കി, ദക്ഷിണാഫ്രിക്ക, ലെബനോൻ, ഈജിപ്ത് എന്നീ ഒമ്പതു രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമായി പ്രവേശന വിലക്ക് പരിമിതപ്പെട്ടു. 
ഇഖാമയും റീ എൻട്രിയും സൗജന്യമായി ദീർഘിപ്പിക്കാനുള്ള തീരുമാനം ആയിരകണക്കിന് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ്. ജൂലൈ 31ന് റീ എൻട്രി തീരുന്നതിനാൽ നിരവധി പേർ സൗദിയിലേക്ക് പോകാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. ഇവർക്കും പുതിയ പ്രഖ്യാപനം ആശ്വാസം നൽകും.
 

Latest News