ദുബായ്- വാര്‍ഷികം ആഘോഷിക്കുന്ന എമിറേറ്റ്‌സ് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന് വെബ് സൈറ്റ് ലിങ്ക് സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. എന്നാല്‍ ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
33- ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് ടിക്കറ്റ് വീതം നല്‍കുന്നു എന്നാണ് ടിക്കറ്റ്‌സ് ഡോട് എമിറേറ്റ്‌സ് ഡോട് കോം എന്ന വ്യാജ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാലാണ് അധികൃതര്‍ നിഷേധ പ്രസ്താവന ഇറക്കിയത്.
എമിറേറ്റ്‌സ് ഏറ്റവും മികച്ച വിമാനസര്‍വീസാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ, എമിറേറ്റ്‌സ് സര്‍വീസില്‍ നിങ്ങള്‍ സംതൃപ്തനാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ ലഭിക്കുകയെന്ന് വ്യക്തമാക്കുന്ന സൈറ്റ് ഓരോ സമയത്തും അവശേഷിക്കുന്ന ടിക്കറ്റുകളുടെ എണ്ണവും കാണിക്കുന്നുണ്ട്. തുടര്‍ന്ന് നിരവധി പേരാണ് എമിറേറ്റ്‌സ് അധികൃതരുമായി ബന്ധപ്പെട്ടത്. എമിറേറ്റ്‌സ് സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന് പറഞ്ഞ് ഇതിനു മുമ്പും ഇതുപോലെ സര്‍വേ നടത്തിയിട്ടുണ്ട്. യു.എ.ഇയിലേയും സൗദിയിലേയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പേരിലും ഇത്തരം വ്യാജ സര്‍വേ ഇന്റര്‍നെറ്റില്‍ പതിവാണ്.