മക്ക - ലോകം മുഴുവൻ കോവിഡ് കാരണം അടച്ചിടുമ്പോഴും ഹജ് തടസങ്ങളൊന്നുമില്ലാതെ നടത്താൻ സൗദിക്ക് സാധിച്ചതെങ്ങിനെയെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വിശദീകരിക്കുന്നു. ലോകത്തോട് നടത്തിയ അഭിസംബോധനയിലാണ് തുടർച്ചയായ രണ്ടാമത്തെ വർഷവും ഹജ് പ്രതിബന്ധങ്ങളില്ലാതെ നടത്താൻ സാധിച്ചതിന്റെ കാരണം രാജാവ് വിശദീകരിക്കുന്നത്.
രാജാവിന്റെ സന്ദേശത്തിന്റെ പൂർണരൂപം:
കോവിഡ് വ്യാപനം തടയുന്ന മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ തീർഥാടകർ ഉയർന്ന അവബോധമാണ് പ്രകടിപ്പിച്ചത്. ജീവിതത്തിന്റെ സർവ മേഖലകളിലും കൊറോണ മഹാമാരി അടിച്ചേൽപിച്ച പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്തുന്നതിൽ സൗദി അറേബ്യ വലിയ വിജയം കൈവരിച്ചു. സൗദി പൗരന്മാർക്കും വിദേശികൾക്കും 2.22 കോടിയിലേറെ ഡോസ് വാക്‌സിൻ നൽകി സമൂഹിക പ്രതിരോധ ശേഷി വർധിപ്പിക്കാൻ സാധിച്ചു. ഇതിലൂടെ ഇരു ഹറമുകളുടെയും പ്രവർത്തന ശേഷി ഉയർത്താനും സുരക്ഷിതവും ആരോഗ്യകരവുമായ സാഹചര്യത്തിൽ കർമങ്ങൾ നിർവഹിക്കുന്നതിന് വിശ്വാസികൾക്ക് അവസരമൊരുക്കാനും സാധിച്ചു.
മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ ഇരു ഹറമുകളും സന്ദർശിക്കുന്നവരും തീർഥാടകരും കാണിക്കുന്ന ഉയർന്ന അവബോധത്തെ പ്രശംസിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് സർക്കാർ വകുപ്പുകൾ പുറത്തിറക്കിയ ആപ്പുകളുടെ ഉപയോക്താക്കളായ 1.7 കോടിയിലേറെ പേർ ഒരുവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കൂടാതെ ഉംറ കർമം നിർവഹിച്ചതും ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുത്തതും ഇതിന്റെ പ്രധാന നേട്ടമാണ്.
അല്ലാഹു മനുഷ്യനെ ആദരിക്കുകയും ഭൂമിയുടെ പരിചരണം മനുഷ്യനെ ഏൽപിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ ജീവൻ സംരക്ഷിക്കൽ ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യമാക്കി അല്ലാഹു മാറ്റി. ലോകത്ത് തുടരുന്ന കൊറോണ വ്യാപനവും വൈറസിന്റെ നിരന്തര വകഭേദങ്ങളും കണക്കിലെടുത്തും ഹാജിമാരുടെ സുരക്ഷ മുൻനിർത്തിയും രോഗവ്യാപനം തടയാൻ ശ്രമിച്ചുമാണ് ആരോഗ്യ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ വർഷത്തെ ഹജിന് സൗദി അറേബ്യ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ബാധകമാക്കിയത്.
ആൾക്കൂട്ട നിയന്ത്രണത്തിലും ഹജ് സംഘടിപ്പിക്കുന്നതിലും മാനവശേഷി കുറക്കാനും സാങ്കേതികവിദ്യക്ക് ഊന്നൽ നൽകാനും ലക്ഷ്യമിട്ട് ബന്ധപ്പെട്ട വകുപ്പുകൾ ഹാജിമാരുടെ സേവനത്തിന് ഡിജിറ്റൽ ഹജ് സംവിധാനം നടപ്പാക്കി. ഹജ് തീർഥാടകരുടെയും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കാൻ ലക്ഷ്യമിട്ടാണിത്. സൗദിയിലെ ഔദ്യോഗിക വകുപ്പുകൾ ആരോഗ്യ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഹജ് തീർഥാടകർക്ക് സംരക്ഷണം നൽകാനും രോഗവ്യാപനം തടയാനും ലക്ഷ്യമിട്ട് ഈ വർഷത്തെ ഹജിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഉൾക്കൊള്ളുകയും സൗദി അറേബ്യയെ ഇക്കാര്യത്തിൽ പിന്തുണക്കുകയും ചെയ്ത ഇസ്‌ലാമിക രാജ്യങ്ങളുടെയും സംഘടനകളുടെയും ഐക്യദാർഢ്യവും ഹജ് വിജയകരമാക്കി മാറ്റാൻ സഹായകമായി.
മഹാമാരി ലോകത്ത് അടിച്ചേൽപിച്ച നിയന്ത്രങ്ങൾക്കും പ്രത്യാഘാതങ്ങൾക്കുമിടെ ഹജ്, ഉംറ സീസണുകൾ വിജയകരമായി കൈകാര്യം ചെയ്യാൻ അവസരമൊരുക്കിയ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നു. ഹജ് തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ സേവനമനുഷ്ഠിക്കുന്നവർക്കും ഹജ് സീസൺ വിജയകരമാക്കി മാറ്റുന്നതിൽ സംഭാവനകൾ നൽകിയ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജാവ് പറഞ്ഞു. ലോകത്തു നിന്ന് എല്ലാ പ്രയാസങ്ങളും നീങ്ങിപ്പോകാൻ ബലിപെരുന്നാൾ സുദിനത്തിൽ അല്ലാഹുവിനോട് പ്രാർഥിക്കുന്നതായും നന്മകൾ തേടുന്നതായും രാജാവ് പറഞ്ഞു.