Sorry, you need to enable JavaScript to visit this website.

പ്രതിനിധികളെ നിയോഗിച്ചു; സുന്നി ഐക്യ ചര്‍ച്ച ഉടന്‍

കോഴിക്കോട്- സുന്നി സംഘടനകള്‍ തമ്മിലെ ഐക്യത്തിന് വേണ്ടിയുള്ള ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് സൂചന. ഇതിനായി, നാലു വീതം പ്രതിനിധികളെ ഇരു സമസ്തയും നിയോഗിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇ.എന്‍. അബ്ദുല്‍ ലത്തീഫാണ് ഇപ്പോള്‍ സുന്നി ഐക്യത്തിന് മുന്‍കൈ എടുക്കുന്നത്. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് ഇരുവിഭാഗവും പ്രതിനിധികളെ കണ്ടെത്തിയത് ചര്‍ച്ചക്ക് കളമൊരുക്കാനാണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഐക്യശ്രമത്തിന് പിന്നിലുണ്ട്. ഇതും ലത്തീഫിന്റെ നിര്‍ദേശ പ്രകാരമാണ്. പ്രാഥമിക ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
നേരത്തെ പല തവണ സുന്നി ഐക്യ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. വിവിധ നേതാക്കളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ പലതിലും തട്ടി അവസാനിക്കുകയായിരുന്നു.
ഇതിനിടെ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട 'സമസ്ത'യിലെ പ്രശ്‌നങ്ങള്‍ തല്‍ക്കാലം തീര്‍ന്നെങ്കിലും ഇരുവര്‍ക്കും വിലക്ക് തുടരുന്നു. ഇവര്‍ പങ്കെടുക്കേണ്ട നിരവധി പരിപാടികള്‍ റദ്ദാക്കുകയോ പകരക്കാരെ വെക്കുകയോ ചെയ്യുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാന്‍ കഴിയാത്തത് മുസ്‌ലിം ലീഗില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച മുനവറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരെ സമസ്ത നേതൃത്വം താക്കീത് ചെയ്യുകയുണ്ടായി. മേലില്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ 'സമസ്ത'യുമായി കൂടിയാലോചിക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയിലുമാണ് മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന വിശീദീകരണം സമസ്തക്ക് തൃപ്തികരമാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം കൂരിയാട്ട് സമസ്ത സംഘടിപ്പിച്ച സമ്മേളനത്തിനെത്തിയ ഇവര്‍ക്ക് തികഞ്ഞ അവഗണനയാണ് നേരിടേണ്ടി വന്നത്.
മുനവറലി തങ്ങള്‍ സദസ്സിലെത്തിയപ്പോള്‍ സലഫി തങ്ങള്‍ക്ക് എന്താണ് കാര്യമെന്ന് ഒരു ഭാഗത്തുനിന്ന് ചോദ്യം ഉയര്‍ന്നു. വേദിയിലാകട്ടെ മുന്‍ നിരയില്‍ സീറ്റ് ലഭിക്കുകയോ പണ്ഡിത നേതാക്കള്‍ പരിഗണിക്കുകയോ ചെയ്തില്ല. പിന്‍നിരയിലാണ് ഇവര്‍ക്ക് സ്ഥാനം കിട്ടിയത്. അല്‍പനേരം ഇരുന്ന് സ്ഥലം വിടുകയാണ് ഇരുവരും ചെയ്തത്. ഇവര്‍ പങ്കെടുക്കുമെന്ന് അറിയിച്ച പല സുന്നി യോഗങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
പാണക്കാട് സയ്യിദ് കുടുംബാംഗങ്ങള്‍ മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും നേതാക്കളായി ഒരേ സമയം പ്രവര്‍ത്തിച്ചു വരുന്നവരാണ്. നേരത്തെ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും ഉമര്‍ ബാഫഖി തങ്ങളുമൊക്കെ ഈ രീതിയില്‍ ഇരു സംഘടനകളുടെയും സ്ഥാപനങ്ങളുടേയും നേതൃപദവിയിലിരുന്നതാണ്.
ലോക ഇസ്‌ലാമിക തീവ്രവാദത്തിന്റെ പേരില്‍ 'സലഫിസ'ത്തെ നേരത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പ്രചാരണത്തിന് സമസ്ത മുതിര്‍ന്നപ്പോള്‍ മുജാഹിദ് നേതൃത്വം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി തടഞ്ഞിരുന്നു. ലീഗിനെ ഉപയോഗിച്ച് തങ്ങളുടെ ആശയ പ്രചാരണത്തില്‍ മുജാഹിദുകള്‍ ഇടപെടുന്നുവെന്ന പരാതി സമസ്തയിലെ യുവ നേതൃത്വം സ്വീകരിച്ചിരിക്കേയാണ് മുജാഹിദ് സമ്മേളനത്തില്‍ സുന്നി നേതാക്കള്‍ പങ്കെടുക്കുന്ന അവസ്ഥയുണ്ടായത്.
മുസ്‌ലിംകളിലെ അവാന്തര വിഭാഗങ്ങളുമായി മുസ്‌ലിം വ്യക്തി നിയമ സംരക്ഷണത്തിന് കൈകോര്‍ത്തുവെന്നതിന്റെ പേരിലാണ് 'സമസ്ത'യില്‍ പിളര്‍പ്പുണ്ടായി കാന്തപുരം വിഭാഗം രൂപപ്പെട്ടത്. അതിനു ശേഷവും പൊതുവിഷയങ്ങളില്‍ മുജാഹിദ്, ജമാഅത്ത് സംഘടനകളുടെ യോഗങ്ങള്‍ പാണക്കാട് തങ്ങന്മാര്‍ വിളിച്ചു ചേര്‍ക്കുകയും അതില്‍ സമസ്ത പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സമീപനം ഇത്തരം യോഗങ്ങള്‍ക്ക് തടസ്സമാകുമോ എന്ന ആശങ്കയുണ്ട്. ലീഗിന് മുസ്‌ലിംകളുടെ പൊതുവേദിയെന്ന സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ന്നു. പൊതുകാര്യങ്ങളില്‍ സഹകരിക്കുന്നതിന് സമസ്തയുടെ നിലപാട് പഴയതു തന്നെയാണെന്ന് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി മലയാളം ന്യൂസിനോട് പറഞ്ഞു.

 

Latest News