Sorry, you need to enable JavaScript to visit this website.

ഹജിനിടെ മതവിധി നൽകാൻ റോബോട്ടുകളും

ഹജ് കർമവുമായി ബന്ധപ്പെട്ട തീർഥാടകരുടെ സംശയനിവാരണങ്ങൾക്കും മതവിധികൾ നൽകാനും ഇസ്‌ലാമികകാര്യ മന്ത്രാലയം പുണ്യസ്ഥലങ്ങളിൽ ഏർപ്പെടുത്തിയ റോബോട്ടുകളിൽ ഒന്ന്.

മിനാ - ഹജ് കർമവുമായി ബന്ധപ്പെട്ട തീർഥാടകരുടെ സംശയനിവാരണങ്ങൾക്കും മതവിധികൾ നൽകാനും ഇസ്‌ലാമികകാര്യ മന്ത്രാലയം റോബോട്ടുകളും ഏർപ്പെടുത്തി. മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ നൂതന സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മതവിധികൾക്ക് റോബോട്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ഹറമിൽ അണുനശീകരണ ജോലികൾക്കും സംസം വിതരണത്തിനും ഹറംകാര്യ വകുപ്പ് റോബോട്ടുകൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് മതവിധികൾ നൽകാൻ പുണ്യസ്ഥലങ്ങളിലെ മസ്ജിദുകളിലും തമ്പുകളിലും ഇസ്‌ലാമികകാര്യ മന്ത്രാലയം റോബോട്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 
റോബോട്ടുകൾ സംശയനിവാരണത്തിന് സമീപിക്കുന്ന ഹജ് തീർഥാടകരെയും മതവിധി നൽകുന്ന പണ്ഡിതരെയും ഇരുപത്തിനാലു മണിക്കൂറും വീഡിയോ കോൾ സംവിധാനത്തിൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹജ് തീർഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും ബോധവൽക്കരണങ്ങളും റോബോട്ടുകൾ നൽകുന്നു. പ്രോഗ്രാം ചെയ്ത പാതകളും സെൻസിറ്റീവ് മോഷൻ സെൻസറുകളും അനുസരിച്ച് ഒരു ഓട്ടോമാറ്റിക് കൺട്രോൾ സംവിധാനത്തിലൂടെയാണ് റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ആവശ്യമായ സമയത്ത് ഓഡിയോ പ്രക്ഷേപണത്തോടു കൂടിയ ത്രീഡി വാണിംഗ് സവിശേഷതയും റോബോട്ടുകളിലുണ്ട്. ഹജുമായി ബന്ധപ്പെട്ട സംശയനിവാരണങ്ങളും മതവിധികളും എളുപ്പമാക്കുന്ന പുതിയ സേവനത്തെ ഹാജിമാർ പ്രശംസിച്ചു. 
 

Latest News