കോഴിക്കോട്- ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കെ.കെ രമ എം.എല്‍.എ. വധഭീഷണിയില്‍ പതറില്ലെന്ന് പറഞ്ഞ രമ സി.പി. എമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും ഗുണ്ടാപ്രവര്‍ത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ടെന്നും പറഞ്ഞു.
ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ട. സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കും. തന്റെ മകനെ കത്തില്‍ പരാമര്‍ശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകന്‍ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകള്‍ മുമ്പും നിരന്തരം വന്നിട്ടുണ്ട്. പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.
കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടേയുള്ള സി.സി.ടി.വി ദൃശ്യങ്ങളും മറ്റും നോക്കിയാല്‍ കത്തിന് പുറകില്‍ ആരാണെന്ന് വ്യക്തമാവും. ഇത് നിസാരമായ കാര്യമല്ല, പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പോലീസ് ശ്രമിക്കണമെന്നും കെ.കെ രമ പറഞ്ഞു.
ഭീഷണിക്കത്തില്‍ വടകര പോലീസ് കേസെടുത്തു. കെ.കെ രമയുടെയും എന്‍. വേണുവിന്റേയും വീടുകളില്‍ സുരക്ഷ ശക്തമാക്കി.