സി.പി.എം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹ. ബാങ്കില്‍ 100 കോടിയുടെ വായ്പാതട്ടിപ്പ്

തൃശൂര്‍ - ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നൂറുകോടി രൂപയുടെ വന്‍ വായ്പാ തട്ടിപ്പ്. സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.
സഹകരണ ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ആധാരം പണയംവെച്ച് പണം എടുക്കുന്നവര്‍ അറിയാതെ ആ ആധാരം വെച്ചാണ് തട്ടിപ്പ് നടന്നിട്ടുളളത്. ഇത്തരത്തില്‍ 46 പേര്‍ പണയം വെച്ച ആധാരത്തിലാണ് തട്ടിപ്പ്്. പണയത്തിലിരിക്കുന്ന ഈ 46 പേരുടെ ആധാരം ഉപയോഗിച്ച് വീണ്ടുമെടുത്ത വായ്പയുടെ പണം ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതടക്കം വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പുറത്തു വരുന്നത്.ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയെടുക്കും.
നൂറു കോടി തട്ടിപ്പു നടന്ന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടുവെന്ന പ്രചരണം ഇതിനിടെ ഇരിങ്ങാലക്കുടയിലും തൃശൂര്‍ ജില്ലയിലെമ്പാടും ഇന്നലെ ശക്തമായി. പല ചാനലുകളിലും ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ആളുകള്‍ ബാങ്കിലേക്കെത്തി.
എന്നാല്‍ ഭരണസമിതി പിരിച്ചു വിട്ടിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട നടപടി പുരോഗമിക്കുകയാണെന്നും സഹകരണവകുപ്പ് തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ മോഹന്‍മോന്‍ പി. ജോസഫ് അറിയിച്ചു.
കാലങ്ങളായി ബാങ്ക് ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. ബാങ്കിന്റെ സെക്രട്ടറിയായ ടി.ആര്‍.സുനില്‍കുമാര്‍ സി.പി.എം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട മുന്‍ ഏരിയ കമ്മറ്റി അംഗവുമാണ്. ജീവനക്കാരെല്ലാം ഇടതുപക്ഷ അനുഭാവികളാണ്.
തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണിയായ പെരിഞ്ഞനം സ്വദേശി കിരണ്‍ ആണ് ഇടനിലക്കാരന്‍. അയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുളളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന.
സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ ബാങ്കില്‍നിന്നും വായ്പ നല്‍കിയിട്ടുണ്ട് . എന്നാല്‍ ഇങ്ങനെയൊരു ഇടപാട് നടന്നിനെക്കുറിച്ച് സായിലക്ഷ്മിക്ക് അറിവില്ല. ബാങ്കില്‍നിന്നും പണമടക്കാന്‍ ഭീമമായ തുകക്കുളള നോട്ടീസ് കിട്ടിയപ്പോഴാണ് പലരും ഞെട്ടിയത്. പല പരാതികളും പുറത്തുവരാതിരിക്കാന്‍ തട്ടിപ്പുസംഘം സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്. ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വന്നപ്പോള്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ശാഖ മാനേജര്‍ ബിജു, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, റബ്‌കോ മുന്‍ കമ്മീഷന്‍ ഏജന്റ് എ.കെ. ബിജോയ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റ് റജി അനില്‍, ഇടനിലക്കാരന്‍ കിരണ്‍ എന്നിവര്‍ക്കെതിരെ ബാങ്ക് അധികൃതര്‍ 100 കോടിയോളം രുപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ പറയുന്നവര്‍ക്കെതിരെ കേസെടുത്തതായി ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോ പറഞ്ഞു.
തട്ടിപ്പ് പുറത്തു വന്ന ഏകദേശം ഒരു കൊല്ലം മുമ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചെങ്കിലും അതല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സെക്രട്ടറിക്കതിരെ നടപടി സ്വീകരിച്ചത്. സെക്രട്ടറി അടക്കമുള്ള ജീവനക്കാര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസും ബി.ജെ.പിയും ബാങ്കിന്റെ കരുവന്നൂര്‍ പ്രധാന ഓഫീസിനു മുന്നിലും അഞ്ച് ശാഖകള്‍ക്കു മുന്നിലും സമരങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമകളുടെ തിരക്കായിരുന്നു. പണം തിരിച്ചു നല്‍കാനായി കേരള ബാങ്കില്‍നിന്ന് കരുവന്നൂര്‍ ബാങ്ക് വായ്പക്ക് അപേക്ഷിച്ചതായും അതില്‍50 കോടി രൂപ അനുവദിച്ചതായും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2019ല്‍ തന്നെ ബാങ്കിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ വെട്ടിപ്പ് കണ്ടെത്തിയെങ്കിലും പുറത്തു വരാന്‍ സമയമെടുത്തു.
 കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന നൂറുകോടിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും സമരം ശക്തമാക്കി
.ഈ തട്ടിപ്പില്‍ സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. 300 കോടിയില്‍ അധികം തുകയുടെ തട്ടിപ്പാണ് നടന്നതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാക്ക് പരാതി നല്‍കി. ബാങ്ക് തട്ടിപ്പിനെതിരെ ഇ.ഡിയിക്കും ആദായനികുതി വകുപ്പിനും ബി.ജെ.പി നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Latest News