അറഫ - ലോകത്തെങ്ങുമുള്ളവർക്ക് പ്രയോജനപ്പെടുന്നതിന് പത്തു ഭാഷകളിൽ അറഫ ഖുതുബ തത്സമയം വിവർത്തനം ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യ, ഉർദു, പാഴ്‌സി, ചൈനീസ്, തുർക്കി, ബംഗാളി, ഹോസ, മലാവി ഭാഷകളിലേക്കാണ് അറഫ ഖുതുബ തത്സമയം വിവർത്തനം ചെയ്തത്. ഇത്തവണ അറഫ ഖുതുബ പത്തു കോടി പേരിൽ എത്തിക്കാൻ ലക്ഷ്യമിട്ട് ഹറംകാര്യ വകുപ്പ് വലിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ലോകത്തെ ഏറ്റവും വിശുദ്ധമായ സ്ഥലത്തു നിന്നുള്ള വാർഷിക മതസന്ദേശം എന്നോണം അറഫ ഖുതുബക്ക് ലോക മുസ്‌ലിംകൾക്കിടയിൽ ഏറെ പ്രാധാന്യമുണ്ട്.
മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മസ്ജിദ് ആണ് നമിറ പള്ളി. സൗദി ഭരണ കാലത്ത് കോടിക്കണക്കിന് റിയാൽ ചെലവഴിച്ചുള്ള നിരവധി വികസന പദ്ധതികൾക്ക് നമിറ മസ്ജിദ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 340 മീറ്റർ നീളവും 240 വീതിയുമുള്ള മസ്ജിദിന് ആകെ 1,10,000 ചതുരക്ര മീറ്റർ വിസ്തൃതിയുണ്ട്. നമിറ മസ്ജിദിനു പിന്നിൽ തണൽ വിരിച്ച മുറ്റത്തിന് 8,000 ചതുരക്ര മീറ്ററും വിസ്തൃതിയുണ്ട്. ആറു മിനാരങ്ങളും മൂന്നു താഴികക്കുടങ്ങളും പത്തു പ്രധാന കവാടങ്ങളും 64 വാതിലുകളുമുള്ള നമിറ മസ്ജിദിൽ ഒരേ സമയം നാലു ലക്ഷം പേർക്ക് നമസ്‌കാരം നിർവഹിക്കാൻ സാധിക്കും.