Sorry, you need to enable JavaScript to visit this website.

സംവരണം: വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക് 

മലപ്പുറം - സച്ചാർ-പാലോളി കമ്മിറ്റികളുടെ അടിസ്ഥാനത്തിലുള്ള മുസ്‌ലിം ക്ഷേമ പദ്ധതികൾ അട്ടിമറിച്ചതിനെതിരെ വെൽഫെയർ പാർട്ടി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിച്ച പാലോളി കമ്മിറ്റി ശുപാർശകൾ പ്രകാരം ആരംഭിച്ച സ്‌കോളർഷിപ്പുകൾ കോടതി വിധിയുടെ മറവിൽ ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള ഇടതു സർക്കാർ തീരുമാനം സാമൂഹ്യ നീതി അട്ടിമറിക്കലാണ്. മുസ്‌ലിംകൾക്കും ലത്തീൻ പരിവർത്തിത ക്രൈസ്തവർക്കുമായി 80:20 അനുപാതത്തിൽ അനുവദിച്ചിരുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ 59 ശതമാനമായി മുസ്‌ലിംകൾക്ക് കുറയുന്നു. പദ്ധതി ആരംഭിച്ച ശേഷം ബജറ്റ് വിഹിതം ഏറ്റവും കുറച്ച് അനുവദിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള എണ്ണം നിലനിർത്തും എന്ന സർക്കാരിന്റെ വാദം കണ്ണിൽ പൊടിയിടാനാണ്. 
മുസ്‌ലിംകൾക്കു മാത്രമല്ല, 20 ശതമാനം സ്‌കോളർഷിപ്പ് വിഹിതം ലഭിച്ച ലത്തീൻ ക്രൈസ്തവർക്കും പരിവർത്തിത ക്രൈസ്തവർക്കും വിഹിതത്തിൽ വലിയ കുറവ് സംഭവിക്കും. ഈ അവശ വിഭാഗങ്ങൾ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുേന്നാക്കം നിൽക്കുന്ന മുന്നോക്ക ക്രൈസ്തവരുമായി മത്സരിക്കേണ്ടി വരും. മുന്നോക്ക കോർപറേഷൻ വഴിയും ന്യൂനപക്ഷ വകുപ്പ് വഴിയും മുന്നോക്ക ക്രൈസ്തവർക്ക് സ്‌കോളർഷിപ്പുകൾ ലഭിക്കും. 


ആർക്കും ഒന്നും നഷ്ടമാവില്ല എന്ന മുഖ്യമന്ത്രിയുടെ വാദം ശുദ്ധ തട്ടിപ്പാണ്. ക്രൈസ്തവരെയും മുസ്‌ലിംകളെയും വർഗീയമായി വിഭജിച്ച് നേട്ടം കൊയ്യാൻ ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തെ പിണറായി സർക്കാർ ഉപയോഗിക്കുകയായിരുന്നു. ഇതിനിടയിൽ മുസ്‌ലിം പിന്നോക്കാവസ്ഥ എന്ന യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിതമായ ശ്രമം സർക്കാരിന്റെയും സ്ഥാപിത താൽപര്യക്കാരുടെയും ഭാഗത്തു നിന്നുണ്ടാകുന്നു. 


സച്ചാർ,  പാലോളി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സ്‌കോളർഷിപ്പുകളുടെ വിഷയത്തിൽ വേണ്ടത്ര അവധാനതയില്ലാതെ സർക്കാരുകൾ സ്വീകരിച്ച സമീപനമാണ് വ്യവഹാര തർക്കങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി എന്നത് ഒഴിവാക്കി ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്ന തലക്കെട്ടിനു കീഴിൽ നടപ്പാക്കാൻ ശ്രമിച്ചതാണ് ഈ കോടതി വിധിയിലെത്തിച്ചതെന്ന് പാലോളി മുഹമ്മദ് കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 


സച്ചാർ,  പാലോളി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ പഴുതടച്ച നിയമ നിർമാണം സർക്കാർ നടപ്പിലാക്കണം. സമാനമായി പരിവർത്തിത ക്രൈസ്തവരുടെ പ്രശ്‌നങ്ങൾ സമഗ്രമായി പഠിക്കാൻ സർക്കാർ പ്രത്യേക കമ്മീഷനെ നിയോഗിക്കുകയും അതിനാവശ്യമായ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം. ഈ ആവശ്യങ്ങളുന്നയിച്ച് വെൽഫെയർ പാർട്ടി കേരളത്തിൽ നിരന്തരമായ സമര പ്രക്ഷോഭങ്ങൾ നടത്തും. പാർട്ടി ഒറ്റക്കും സമാന മനസ്‌കരെ അണിനിരത്തിയും വിവിധ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News