ഇടുക്കി-തമിഴ്‌നാട്ടില്‍നിന്നു മറയൂര്‍ വനത്തില്‍ എത്തി ചന്ദനക്കൊളള നടത്തുന്നതിനിടെ പാറക്കെട്ടില്‍നിന്നു വീണ് അപകടത്തില്‍പ്പെട്ട സംഘത്തിലെ ഒരാളുടെ ജഡംകൂടി പോലീസ് കണ്ടെത്തി. തിരുനല്‍വേലി സ്വദേശി മാധവന്റെ (40) ജഡമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. വെള്ളിയാഴ്ച സംഘത്തിലെ തിപ്പത്തൂര്‍ ജാവാദ് മല സ്വദേശി സതീശിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലെത്തിയതും വീണ്ടും തെരച്ചില്‍ നടത്തിയതും.
വെള്ളിയാഴ്ച മൃതദേഹം കിടന്ന ദുര്‍ഘട പാറക്കെട്ടുകള്‍ക്ക് അപ്പുറം 300 മീറ്റര്‍ അകലെയാണ് ഇന്നലെ അടുത്ത ജഡവും കിട്ടിയത്. മുമ്പ് മറയൂര്‍ ഒള്ളവയല്‍ ഭാഗത്ത് താമസിച്ചിരുന്ന മാധവന്‍ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ക്കെതിരെ പാലക്കാട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 5003 അടി ഉയരമുള്ള പ്രദേശമാണ് കാന്തല്ലൂരിലെ ചന്ദ്രമണ്ഡലം. ഈ ഭാഗത്തുള്ള പാറയില്‍ നിന്നും 300 അടി താഴ്ചയിലേക്ക് പതിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ജഡം പുഴു അരിച്ച നിലയിലായിരുന്നു. കാട്ടുപാതയിലൂടെ കമ്പില്‍ കെട്ടിയാണ് പെരടിപള്ളം സ്വദേശികളുടെ സഹായത്തോടെ മൃതദേഹം റോഡില്‍ എത്തിച്ചത്.രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ സതീഷിന്റെ ജഡം ബന്ധുക്കള്‍ എത്തിയതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ടി, സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് മോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിനേഷ്, സജുസണ്‍, ആസാദ്, ലിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.