മക്ക- കോവിഡ് പശ്ചാത്തലത്തിൽ മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും അണുനശീകരണത്തിനായി സ്ഥാപിച്ച സ്മാർട്ട് റോബോട്ടുകൾ പ്രവർത്തനം തുടങ്ങി. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത പ്രോഗ്രാമിംഗ് പ്രകാരം ആറ് തലങ്ങളിലായി കൃത്യമായ ഇടവേളകളിൽ യന്ത്രം അണുനശീകരണം നടത്തും.
അഞ്ച് മുതൽ എട്ട് മണിക്കൂറോളം മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുമെന്നതാണ് റോബോട്ടുകളുടെ പ്രധാന സവിശേഷത. 23.8 ലിറ്റർ സാനിറ്റൈസർ വഹിക്കാനുള്ള ശേഷി ഓരോ റോബോട്ടിനുമുണ്ടെന്നും ടെക്‌നിക്കൽ സർവീസ് അഫയേഴ്‌സ് ഡയറക്ടർ നായിഫ് അൽജഹ്ദലി പറഞ്ഞു. രണ്ട് ലിറ്റർ സാനിറ്റൈസർ കൊണ്ട് 600 സ്‌ക്വയർ മീറ്റർ പ്രദേശത്താണ് അണുനശീകരണം നടത്തുക. സംസം വിതരണത്തിനും ഇത്തരം റോബോട്ടുകളുണ്ട്. ആളുകളുടെ സഹായമില്ലാതെ തന്നെ ഇവ ചലിക്കും. 10 മിനിറ്റിനകം 100 സംസം ബോട്ടിലുകൾ ഇവ വിതരണം ചെയ്യും.