Sorry, you need to enable JavaScript to visit this website.

മലബാർ മുസ്ലിം രാഷ്ട്രീയം വഴിത്തിരിവിൽ, കാന്തപുരം വീണ്ടും ശ്രദ്ധാകേന്ദ്രം

മുജാഹിദുകള്‍ പ്രതിസന്ധിയില്‍

കോട്ടക്കൽ- മലബാറിലെ മുസ്ലിം രാഷ്ട്രീയം വീണ്ടും വഴിത്തിരിവിൽ. മുസ്ലിം ലീഗ് പ്രധാന റോൾ കൈകാര്യം ചെയ്യുന്ന മലബാറിന്റെ രാഷ്ട്രീയ മേഖലയിലേക്ക് കടന്നുകയറാനുള്ള ഇതരശക്തികളുടെ ശ്രമത്തിന് ഗതിവേഗം വന്നിരിക്കുന്നു. കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവർ പങ്കെടുത്തത് ഇ.കെ വിഭാഗത്തിന്റെ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. മുജാഹിദ് സമ്മേളനത്തിന് മറുപടിയായി കൂരിയാട്ട് തന്നെ നടത്തിയ സമ്മേളനത്തിൽ ലീഗിനെ ലക്ഷ്യം വെച്ച് സമസ്ത നടത്തിയ അക്രമണത്തോടെയാണ് മലബാർ രാഷ്ട്രീയം വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. സമസ്ത വിചാരിച്ചാൽ പലരും നിയമസഭ പോലും കാണില്ലെന്നായിരുന്നു സമസ്തയുടെ മുന്നറിയിപ്പ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലായിരുന്നു ഈ വെല്ലുവിളി എന്നതാണ് ശ്രദ്ധേയമായത്. 

കൂടുതല്‍ വാർത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യാം

മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പാണക്കാട് കുടുംബത്തിലുള്ളവരോട് സമസ്ത നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങളും സമ്മേളനത്തിനെത്തി. സമ്മേളനത്തിൽ പങ്കെടുക്കാനുണ്ടായ കാരണത്തെ പറ്റിയും ഇരുവരും സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. ഐക്യം ആവശ്യമായ ഘട്ടത്തിൽ എല്ലാവരും പരസ്പരം യോജിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു ഇരുവരുടെയും പ്രസംഗത്തിന്റെ ആകെത്തുക. എന്നാൽ ഇരുവരും സമ്മേളനത്തിൽ പങ്കെടുത്തതോടെ സമസ്ത ശക്തമായ വിമർശനവുമായി രംഗത്തെത്തി. തുടർന്ന് അടിയന്തിര യോഗം വിളിച്ച സമസ്ത ഇരുവരോടും വിശദീകരണം തേടി. സമസ്തക്കുണ്ടായ വിഷമത്തിൽ ഖേദിക്കുന്നുവെന്ന് ഇരുവരും വിശദീകരിച്ചതോടെയാണ് സമസ്ത പ്രശ്‌നമൊതുക്കിയത്. അതേസമയം, സമസ്തയുടെ ചില പരിപാടികളിൽനിന്ന് റഷീദലി തങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും വാർത്തയായി. 
ഇതിനിടെ, കോഴിക്കോട് കാരന്തൂർ മർകസ് വാർഷികത്തിൽനിന്ന് വിട്ടുനിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ലീഗിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത് എന്നാണ് കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാരുടെ ആരോപണം. സമസ്തയെ സന്തോഷിപ്പിക്കാനാണ് ലീഗ് ബഹിഷ്‌കരണത്തിന് നേതൃത്വം നൽകിയത് എന്നും കാന്തപുരം ആരോപിക്കുന്നു. ലീഗിനെയും കോൺഗ്രസിനെയും തിരിച്ച് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച കാന്തപുരം സുന്നി ഐക്യചർച്ചകൾക്കായി നാലു പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. സുന്നി ഐക്യത്തിന് വേണ്ടി താൻ മുൻകൈ എടുക്കുന്നുവെന്ന് കാന്തപുരം സൂചന നൽകുന്നത് തന്നെ മലബാർ രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കും. 
സുന്നി ഐക്യം നടന്നാലും ഇല്ലെങ്കിലും മലബാറിലെ മുസ്ലിം രാഷ്ട്രീയമാണ് കാന്തപുരം ലക്ഷ്യമിടുന്നത്. സമസ്തയും ലീഗും തമ്മിലുള്ള പ്രശ്‌നം പരമാവധി മുതലെടുത്ത് ലാഭം കൊയ്യാനുള്ള നീക്കമാണ് കാന്തപുരം നടത്തുന്നത്. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റെ ആശീർവാദത്തോടെയാണ് ഇതിന്റെ അണിയറ നീക്കങ്ങൾ നടത്തുന്നത്. സി.പി.എമ്മിന്റെ പിന്തുണയും കാന്തപുരത്തിനുണ്ട്. സമസ്തയുമായി ചർച്ച പോലും നടന്നില്ലെങ്കിലും സുന്നി ഐക്യത്തിനായി രംഗത്തിറങ്ങുന്നുവെന്ന കാന്തപുരത്തിന്റെ നിലപാട് മലബാർ രാഷ്ട്രീയത്തിൽ ഇളക്കമുണ്ടാക്കുമെന്നുറപ്പാണ്. 
സമസ്ത കാലങ്ങളായി ലീഗിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, ഈയിടെയായി സമസ്ത സ്വീകരിക്കുന്ന നിലപാട് ലീഗിനെ പ്രതിസന്ധിയിലാക്കുന്നു. മുജാഹിദ് സമ്മേളനത്തിന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആശംസ നേർന്നതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. കേരള നവോത്ഥാനത്തിന് സലഫി പ്രസ്ഥാനം നൽകിയ സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനക്കെതിരെ സമസ്തയുടെ യുവനേതാക്കൾ രംഗത്തെത്തി. ഈ പ്രശ്‌നം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് ചർച്ച ചെയ്ത് അവസാനിപ്പിച്ചത്. ഇതിന് ശേഷമാണ് മുനവ്വറലി തങ്ങളുടെയും റഷീദലി തങ്ങളുടെയും മുജാഹിദ് സമ്മേളന സാന്നിധ്യം വിവാദമായത്. സമസ്തയിലെ തന്നെ ചില നേതാക്കൾ ലീഗിനെ ഒതുക്കണമെന്ന അഭിപ്രായമുള്ളവരാണ്. എന്തു വിട്ടുവീഴ്ച്ച ചെയ്തും സുന്നി ഐക്യത്തിനായി മുന്നോട്ടുപോകുമെന്നാണ് കാന്തപുരം പറയുന്നത്. ഇതിനെ സമസ്തയിലെ ചില നേതാക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ലയനമില്ലാതെ തന്നെ യോജിച്ച് മുന്നോട്ടുപോകാനാകുമെന്നാണ് കാന്തപുരം പറയുന്നത്. സമുദായത്തിന്റെ പൊതുവിഷയത്തിൽ സമസ്തയോടൊപ്പം ഒന്നിച്ചുനിൽക്കാനാണ് കാന്തപുരം ലക്ഷ്യമിടുന്നത്.

മുജാഹിദുകൾക്കിടയിൽ വീണ്ടും അസ്വാരസ്യം

ഒരു കൊല്ലം മുമ്പ് ഒന്നിച്ച കേരള നദ്‌വത്തുൽ മുജാഹിദീനിൽ വീണ്ടും പ്രതിസന്ധിയുടെ കാർമേഘം ഉരുണ്ടുകൂടി. കൂരിയാട് സമ്മേളനത്തിന് മുമ്പു തന്നെ പ്രതിസന്ധികളുണ്ടായിരുന്നെങ്കിലും സമ്മേളാനന്തരം ഇത് മൂർധന്യത്തിലെത്തി. ഇന്ന് (14 ജനുവരി ഞായർ) വൈകിട്ട് നാലിന് കൂരിയാട് ബദൽ സമ്മേളനം നടത്തിയാണ് ഒരു വിഭാഗം തിരിച്ചടിക്കുന്നത്. നേരത്തെ ഡോ. ഹുസൈൻ മടവൂർ നേതൃത്വം നൽകിയ വിഭാഗത്തിലെ നേതാക്കളാണ് ഇന്ന് നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുന്നത്. സമ്മേളനത്തിൽ തങ്ങളെ ബഹിഷ്‌കരിച്ചുവെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമുള്ള നിലപാടിലാണ് ഇവരുള്ളത്. ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിലുള്ള സംഘടനയിലെ സംസ്ഥാന പ്രസിഡന്റ് ഇ.കെ അഹമ്മദ് കുട്ടിയാണ് ഇന്നത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. കൂരിയാട് നടന്ന സമ്മേളനത്തിലും ഇദ്ദേഹം പ്രസംഗിച്ചിരുന്നു. വേദിയിൽ ഇദ്ദേഹത്തെ അപമാനിച്ചുവെന്ന് സമ്മേളനത്തിനിടെ തന്നെ ചിലർ അഭിപ്രായപ്പെട്ടിരുന്നു. 


മൻസൂറലി ചെമ്മാട്, ഷാനവാസ് പറവന്നൂർ, സഹീർ വെട്ടം, മൊയ്തീൻ സുല്ലമി കുഴിപ്പുറം, യു പി യഹ്‌യാ ഖാൻ മദനി, കെ പി അബ്ദുൽ അസീസ് സ്വലാഹി, എൻ.എം ജലീൽ മാസ്റ്റർ, കെ പി സകരിയ്യ, റാഫി പേരാമ്പ്ര, ഇസ്മായിൽ കരിയാട്, അലി മദനി മൊറയൂർ, ഇബ്രാഹിം ബുസ്താനി, അബ്ദുൽ ലതീഫ് കരുമ്പുലാക്കൽ എന്നിവരാണ് ഇന്നത്തെ സമ്മേളനത്തിൽ പ്രസംഗിക്കുന്നത്. 
സമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കെ.എൻ.എം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മറുവിഭാഗം. സംസ്ഥാന സമ്മേളനത്തിൽ കെ.എൻ.എം നേതാവ് എം.അബ്ദുറഹ്്മാൻ സലഫി പലരെയും ഒതുക്കിയെന്നാണ് ഇവരുടെ പ്രധാന ആരോപണം. അതേസമയം, ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന നിലപാടാണ് കെ.എൻ.എം മുന്നോട്ടുവെക്കുന്നത്. ആരെയും അവഗണിച്ചിട്ടില്ലെന്നും എല്ലാവർക്കും തുല്യപരിഗണനയാണ് നൽകിയതെന്നും കെ.എൻ.എം വാദിക്കുന്നു. എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകാനാകാത്തത് സമയപരിമിതി കാരണമായിരുന്നു. അവസരം നഷ്ടപ്പെട്ടവർ ഇരുവിഭാഗത്തിലുമുണ്ട്. അവഗണിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും നേതാക്കൾ പറയുന്നു. മുജാഹിദുകൾക്കിടയിൽ വീണ്ടും പിളർപ്പിനുള്ള സഹചര്യമില്ലെങ്കിൽ അസ്വസ്ഥരായ ഒരു വിഭാഗം ഒത്തുകൂടുന്നത് സംഘടനക്ക് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കരുതുന്നത്. മുജാഹിദുകൾക്കിടയിലെ പ്രതിസന്ധിയും മലബാർ രാഷ്ട്രീയത്തെ ചെറിയ തോതിലെങ്കിലും സ്വാധീനിക്കും.


 

Latest News