Sorry, you need to enable JavaScript to visit this website.

ഫണ്ട് കൈപ്പറ്റിയിട്ടും നിഘണ്ടു പൂര്‍ത്തിയാക്കിയില്ല; പൂര്‍ണിമയ്‌ക്കെതിരെപരാതി

തിരുവനന്തപുരം- കേരള സര്‍വകലാശാല മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച ഡോ. പൂര്‍ണിമ മോഹന്‍ സംസ്‌കൃതം നിഘണ്ടു പദ്ധതിക്കായി യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും പുസ്തകം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപണം. യുജിസി നല്‍കിയ തുക സര്‍വകലാശലയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശ പ്രകാരം പൂര്‍ണിമ തിരിച്ചടച്ചതായി സംസ്‌കൃത സര്‍വകലാശാല വൃത്തങ്ങള്‍ പറയുന്നു. മഹാനിഘണ്ടു പദ്ധതിയുടെ തലപ്പത്തിരിക്കാന്‍ പൂര്‍ണിമയ്ക്ക് അര്‍ഹതയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി സമിതി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന് പരാതി കൈമാറി.
യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂര്‍ണിമാ മോഹനെ കേരള സര്‍വകലാശാല നിയമിച്ചത് വിവാദമായിരുന്നു. ഇതിനൊപ്പമാണ് സംസ്‌കൃത നിഘണ്ടുവുമായി ബന്ധപ്പെട്ട പരാതികള്‍ ഉയരുന്നത്. 2012ലാണ് യുജിസി പൂര്‍ണിമയ്ക്ക് ഫണ്ട് അനുവദിച്ചത്. 7,80,000 രൂപയായിരുന്നു പദ്ധതി വിഹിതം. ദ്രാവിഡ ഭാഷയുടേയും ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെയും മള്‍ട്ടികള്‍ച്ചറല്‍ നിഘണ്ടു തയാറാക്കുകയായിരുന്നു ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി അഞ്ചു വര്‍ഷമായിട്ടും ആരംഭിക്കുക പോലും ചെയ്തില്ല. പല തവണ പണം തിരിച്ചടക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2017ല്‍ പണം തിരിച്ചടച്ചു.
സംസ്‌കൃത നിഘണ്ടു പദ്ധതി തുടങ്ങുകപോലും ചെയ്യാത്ത വ്യക്തി എങ്ങനെ മലയാള മഹാനിഘണ്ടു പദ്ധതി മുന്നോട്ട് കൊണ്ടുപോകും എന്ന ചോദ്യമാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സംസ്‌കൃതം നിഘണ്ടു പദ്ധതിയെ കുറിച്ച് പൂര്‍ണിമ പ്രതികരിച്ചിട്ടില്ല.
 

Latest News