തിരുവനന്തപുരം- പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പേരില്‍ വ്യാപക പണത്തട്ടിപ്പ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേരളാ പോലീസ്. നിരവധി പേരുടെ പണം നഷ്ടമായതായി പോലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. എസ്.ബി.ഐ ബാങ്കില്‍ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എസ്എംഎസ് സന്ദേശം അയക്കുന്നു. യഥാര്‍ത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. തത്സമയം എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ എസ്ബിഐ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്‍കുന്നു. ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു ഇത്തരത്തിലാണ് പണം തട്ടുന്ന രീതി. എസ്ബിഐ ബാങ്കില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളെ വിശ്വസിക്കാതെ ബാങ്കുമായി നേരിട്ട് ബന്ധപ്പെടാന്‍ പോലീസ് നിര്‍ദേശിക്കുകയാണ്.