Sorry, you need to enable JavaScript to visit this website.

കൂലിത്തല്ലുകാരൻ എന്നു വിളിച്ച രമേശ് ചെന്നിത്തലക്ക് ആൻഡേഴ്‌സണിന്റെ മറുപടി

തിരുവനന്തപുരം- സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ശ്രീജിത്തിനെ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തട്ടിക്കയറിയ യുവാവ് നിലപാട് വ്യക്തമാക്കി രംഗത്ത്. താനും തന്റെ കുടുംബവും കോൺഗ്രസ് പ്രവർത്തകരായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ശ്രീജിത്തിനെ രമേശ് ചെന്നിത്തല സന്ദർശിക്കുന്നതിനിടെ ആൻഡേഴ്‌സൺ രൂക്ഷ പ്രതികരണവുമായി ചെന്നിത്തലയോട് കയർക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആൻഡേഴ്‌സൺ കൈരളി ടി.വിയിലെ പ്രവർത്തകനാണെന്നും നേരത്തെ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചായിരുന്നു അഭിനയമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. ശ്രീജിത്തിന്റെ സമരം സംസ്ഥാന സർക്കാറിനെതിരായ പൊതുവികാരമായി ഉയരുന്നത് തിരിച്ചറിഞ്ഞാണ് ഇത്തരം നീക്കങ്ങളുണ്ടായത് എന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ തന്റെത് കോൺഗ്രസ് കുടുംബമാണെന്നും കഴഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ പിതാവ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചിട്ടുണ്ടെന്നും ആൻഡേഴ്‌സൺ പറഞ്ഞു.

ആൻഡേഴ്‌സണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുഹൃത്തുക്കളെ, എന്നെ കൂലിത്തല്ലുകാരൻ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, ഞാൻ അങ്ങയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയിലൂടെ ക്ലാസ്സ് ലീഡറായി തുടങ്ങിയതാണ്, വിദ്യാർത്ഥി യുവജന സമരങ്ങളിൽ ഞാൻ അങ്ങയുടെ പാർട്ടിക്കായി പ്രവർത്തിച്ച് ധാരാളം പോലീസ് മർദ്ദനത്തിന് ഇരയായിട്ടുണ്ട്, അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്.. എന്റെ അപ്പ ഉൾപ്പടെയുള്ളവർ അങ്ങയുടെ പാർട്ടിക്കുവേണ്ടി ചോര ചിന്തിയിട്ടുണ്ട്, കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ അപ്പ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചതാണ്, തലമുറകളായി കോൺഗ്രസ്സ് കുടുംബമാണ് പക്ഷേ താങ്കളെപ്പോലെ പെട്ടി ചുമക്കാൻ പോകാത്തത് കൊണ്ട് സംസ്ഥാന നേതാവാകാൻ പറ്റിയില്ല എന്നത് സത്യം, ഞാൻ ശ്രീജിത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയിൽ നേരിൽ വന്ന് കണ്ടപ്പോൾ കിട്ടിയ മറുപടി ഞാൻ ബഹുമാനത്തോടെയുമാണ് ഓർമ്മിപ്പിച്ചത്, നിലവാരം കുറഞ്ഞ രീതിയിൽ എനിക്ക് മറുപടി തന്നപ്പോൾ ഞാൻ മറുപടി പറഞ്ഞതിൽ വിറളി പൂണ്ടത് എന്തിന്?. ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്, തെറ്റ് ആരു ചെയ്താലും ഞാൻ ചോദിക്കും, സ്വന്തം തെറ്റ് മറയ്ക്കാൻ എന്നെ കൂലിത്തല്ല്കാരൻ എന്ന് വിളിച്ച താങ്കൾ സ്വയം ലജ്ജിക്കുക. കാരണം ഞാൻ എന്റെ ജന്മനാട്ടിൽ കോൺഗ്രസ്സിനും കെ.എസ്.യുവിനും വേണ്ടിയാണ് തല്ല് കാരനായതും കേസുകൾ നേരിട്ടതും. സംശയമുണ്ടെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ വിളിച്ചു ചോദിക്കുക, ഞാൻ എനിക്ക് കഴിവ് ഉള്ളത് കൊണ്ടാണ് കൈരളി ടി വിയ്ക്ക് വേണ്ടി പ്രോഗ്രാമുകൾ ചെയ്ത് കൊടുത്തത്... കോൺഗ്രസ്സ് നേതാവ് ആർ.ശങ്കറിന്റെ ചരിത്രം ഡോക്യുമെന്ററിയാക്കിയ ക്യാമറാമാനും സംവിധായകനും ഞാനാണ്. എന്നിട്ടും കോൺഗ്രസ്സിന്റെ ചാനൽ മുതലാളിമാരുടെ കണ്ണ് അടഞ്ഞിരിക്കയായിരുന്നു. എന്തായാലും നിങ്ങളിൽ സത്യസന്ധനായ ഒരു പൊതു പ്രവർത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം... ഈ നിമിഷം മുതൽ നിങ്ങൾ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിക്കാനും പോസ്റ്റർ ഒട്ടിയ്ക്കാനും മുദ്രാവാക്യം വിളിയ്ക്കാനും ഞാനില്ല. എന്നെ ഫോണിലും അല്ലാതെയും തെറി വിളിച്ചവരോടും വിളിപ്പിച്ചവരോടും ഒരു ലോഡ് പുച്ഛം. ഒരു കാര്യം കൂടി ശാസ്താംകോട്ട ഡിബി കോളേജിൽ ഞാൻ പിടിച്ച കൊടിയുടെ നിറം ചുവപ്പായിരുന്നില്ല കൊടി പിടിച്ചതിന്റെ പേരിൽ എന്റെ ശിരസ്സ് പൊട്ടിയൊഴുകിയ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു. അതിന്റെ പേരിൽ ശാസ്താംകോട്ടയിൽ ഹർത്താൽ നടത്തിയവർ പിടിച്ചത് മൂവർണ്ണക്കൊടിയായിരുന്നു. ജയ് ഹിന്ദ്.
 

Latest News