Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മുഖ്യമന്ത്രിക്കെതിരെ വീണ്ടും കാന്തപുരം വിഭാഗം

കോഴിക്കോട്- ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനം സാമൂഹിക നീതി അട്ടിമറിക്കുമെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ മകനും പണ്ഡിതനുമായ അബ്ദുൽ ഹഖീം അസ്ഹരി. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് വിമർശനം ഉന്നയിച്ചത്. പാലോളി കമ്മറ്റി റിപ്പോർട്ടിനെ എൽ ഡി എഫും സർക്കാരും തള്ളിക്കളഞ്ഞോ? എന്ന് ചോദിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. 
പിന്നാക്ക ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള സർക്കാർ തീരുമാനം സാമൂഹിക നീതിയെയും സമത്വത്തെയും അട്ടിമറിക്കാനേ സഹായിക്കൂ. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിർദേശിച്ചത്. ആ റിപ്പോർട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളർഷിപ്പിന്റെ അനുപാതത്തിൽ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. പാലോളി കമ്മറ്റി റിപ്പോർട്ടിനെ എൽ ഡി എഫും സർക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണം. ഇല്ലെങ്കിൽ ആ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണം.
ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത  കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാൻ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും  ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല. ഈ വിഷയത്തിൽ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ്  മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണ്. വിധിക്കെതിരെ അപ്പീൽ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ല. ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനർഹർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തും.
 

Latest News