പത്തനംതിട്ട- ഒറ്റയാന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്ക്. ചിറ്റാര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് നീലിപിലാവ് ആമക്കുന്ന് മുരുപ്പേല്‍ വീട്ടില്‍ ഷെഫീഖിനെ(28)യാണ് മാതാപിതാക്കളുടെ കണ്മുന്നില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു തെറിപ്പിച്ചത്. ശരീരമാസകലം ഗുരുതരമായ പരുക്കേറ്റ യുവാവ് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ ആറരയ്ക്ക് വീടിന് മുന്നിലെ റോഡില്‍ വച്ചായിരുന്നു സംഭവം. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു ഷെഫീഖ്. ലോക്ഡൗണ്‍ കാരണം ബസുകള്‍ ഓടാതെ വന്നതോടെ കുടുംബം പുലര്‍ത്താന്‍ വേണ്ടി ഇപ്പോള്‍ കൂലിപ്പണിക്ക് പോവുകയാണ്. കെട്ടിട നിര്‍മാണത്തിന് മൈക്കാട് ജോലിക്ക് പോകുന്നതിന് വേണ്ടി രാവിലെ റോഡിലേക്കിറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്.
പുറംതിരിഞ്ഞു നിന്ന ഷെഫീഖ് ഒറ്റയാന്‍ വരുന്നത് കണ്ടില്ല. പാഞ്ഞെത്തിയ ആന ഷെഫീഖിനെ അടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം കണ്ടു കൊണ്ടു നിന്ന മാതാപിതാക്കള്‍ നിലവിളിച്ചതോടെ ആന സമീപത്തെ വനത്തിലേക്ക് പോയി.
ഇടതു കൈയുടെ തോള്‍ഭാഗം നിരന്തമായി തെന്നി മാറുന്നത് കാരണം അടുത്തിടെ ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ റാഡ് വച്ചു പിടിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ ഈ ഭാഗത്തും പരുക്ക് സംഭവിച്ചിട്ടുണ്ട്. കാലിനും കൈയ്ക്കും ഒടിവും ചതവുമുണ്ട്. പുറമാസകലം പരുക്കേറ്റു. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് വന്നു. വന്യമൃഗങ്ങളുടെ ഉപദ്രവം കാരണം ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വാര്‍ഡ് മെമ്പര്‍ റീന ബിജു പറഞ്ഞു. കാട്ടാന, പന്നി, കാട്ടുപോത്ത്, വിവിധ തരം കിളികള്‍, മുയല്‍, കേഴ എന്നിവ വിഹരിക്കുന്നത് കാരണം കൃഷി ചെയ്യാന്‍ കഴിയുന്നില്ല. കാട്ടുമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ കിടങ്ങ് കുഴിക്കാന്‍ പദ്ധതി തയാറാക്കിയിരുന്നു. അത് പാതി വഴിക്ക് നിലച്ചു. ഇതാണ് വന്യമൃഗങ്ങളുടെ ശല്യം വര്‍ധിക്കാന്‍ കാരണം. മുടങ്ങി കിടക്കുന്ന കിടങ്ങ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പ്രദേശവാസികള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും മലയോര നിവാസികള്‍ ഭീതിയിലാണ്.