Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടൂറിസ്റ്റ് വിസ ഗ്രൂപ്പുകള്‍ക്ക് മാത്രം; ഇന്ത്യക്കാർക്ക് ഉടനില്ല

റിയാദ് - വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾക്ക് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളും സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും ചേർന്ന് രൂപം നൽകി. സൗദി അറേബ്യ ഒറ്റക്ക് സന്ദർശിക്കുന്നതിന് വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കില്ല.  വനിതകൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിന് നിരവധി വ്യവസ്ഥകൾ ബാധകമാണ്. 
വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയിൽ ഇന്ത്യയുടെ പേരില്ല. യൂറോപ്പിലെ ഷെൻഗൻ വിസ മേഖലയിൽപെട്ട 25 രാജ്യങ്ങൾ, ഉത്തര, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, സിംഗപ്പൂർ, മലേഷ്യ, ബ്രൂണൈ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കുക.
മുപ്പതു വയസിൽ കുറവ് പ്രായമുള്ള വനിതകൾക്ക് അടുത്ത ബന്ധുവിന് (മഹ്‌റം) ഒപ്പമല്ലാതെ വിസ അനുവദിക്കില്ല. ടൂറിസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായാണ് വിസ ഇവർക്ക് അനുവദിക്കുക. മുപ്പതു വയസിൽ കൂടുതൽ പ്രായമുള്ള വനിതകൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് മഹ്‌റം ഒപ്പമുണ്ടാകണമെന്ന് വ്യവസ്ഥയില്ല. എന്നാൽ ഇവർക്കും ഗ്രൂപ്പിന്റെ ഭാഗമായാണ് വിസ അനുവദിക്കുക. മഹ്‌റം നിർബന്ധമായ പ്രായപരിധി ഇരുപത്തിയഞ്ച് ആണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ചുരുങ്ങിയത് നാലു പേരെങ്കിലും ഉള്ള ഗ്രൂപ്പുകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. അംഗീകൃത വിദേശ ടൂർ ഓപ്പറേറ്റമാർരും സൗദിയിൽ ലൈസൻസുള്ള ടൂർ ഓപ്പറേറ്റർമാരും സഹകരിച്ചാണ് വിദേശ വിനോദ സഞ്ചാരികൾക്കുള്ള യാത്രകൾ സംഘടിപ്പിക്കേണ്ടത്. വിനോദ സഞ്ചാര ഗ്രൂപ്പ് സന്ദർശിക്കുന്ന പ്രദേശങ്ങൾ, സഞ്ചരിക്കുന്ന റൂട്ടുകൾ, സമയക്രമം എന്നിവയെല്ലാം മുൻകൂട്ടി ഓൺലൈൻ വഴി സമർപ്പിച്ചാണ് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഗ്രൂപ്പിനുള്ള അനുമതി സമ്പാദിക്കേണ്ടത്. ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കിയും മറ്റു വ്യവസ്ഥകൾ പാലിച്ചുമാണ് ഗ്രൂപ്പുകൾക്ക് വിസകൾ അനുവദിക്കുക. 
സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് ലൈസൻസുള്ളവർക്കു മാത്രമാണ് വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് സേവനം നൽകുന്നതിന് അനുമതിയുണ്ടാവുക. വിദേശത്തെ ട്രാവൽ ഏജൻസിയും സൗദിയിലെ ടൂർ ഓപ്പറേറ്ററും ഒപ്പുവെക്കുന്ന കരാർ പ്രകാരമായിരിക്കും വിദേശ ടൂറിസ്റ്റുകളുടെ സൗദിയിലേക്കുള്ള യാത്രയും താമസവും ക്രമീകരിക്കുക. ഓരോ ഗ്രൂപ്പിനൊപ്പവും ചുരുങ്ങിയത് ഒരു ടൂർ ഗൈഡിനെ നിയോഗിക്കൽ നിർബന്ധമാണ്. സന്ദർശകരുടെ ഭാഷയിൽ പരിജ്ഞാനമുള്ളവരെയും സംഘം സന്ദർശിക്കുന്ന പ്രവിശ്യയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിവുള്ളവരെയുമാണ് ഗൈഡുമാരായി നിയോഗിക്കേണ്ടത്. 
സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് അനുമതി നൽകുന്ന പ്രദേശങ്ങളിലും പ്രവിശ്യകളിലും മാത്രം സന്ദർശനം നടത്തുന്നതിനാണ് വിദേശ ടൂറിസ്റ്റുകൾക്ക് അനുവാദമുണ്ടാവുക. അമുസ്‌ലിംകൾക്ക് വിലക്കുള്ള മക്കയും മദീനയും ഗ്രൂപ്പുകളുടെ സന്ദർശന പദ്ധതിയിൽ ഉൾപ്പെടില്ല. 
സൗദിയിലെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇസ്‌ലാമിക മൂല്യങ്ങളും വിദേശ ടൂറിസ്റ്റുകൾ മാനിക്കണം. ഇക്കാര്യം സൗദിയിൽ പ്രവേശിക്കുന്നതിനു മുമ്പായി ടൂറിസ്റ്റുകളെ ടൂർ ഓപ്പറേറ്റർമാർ അറിയിച്ചിരിക്കണം. സൗദിയിൽ പ്രവേശിച്ച് രാജ്യം വിടുന്നതു വരെ വിനോദ സഞ്ചാരികളുടെ ചുമതല ടൂർ ഓപ്പറേറ്റർമാർക്കായിരിക്കും. കൂട്ടത്തിൽപെട്ട ആരെയെങ്കിലും കാണാതായാൽ അക്കാര്യം ഇരുപത്തിനാലു മണിക്കൂറിനകം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കൽ നിർബന്ധമാണ്. ഒരു വർഷത്തിനുള്ളിൽ ടൂറിസ്റ്റുകളിൽ ഒരു ശതമാനം പേരോ അതല്ലെങ്കിൽ 100 പേരോ വിസ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതിരിക്കുന്ന പക്ഷം ബന്ധപ്പെട്ട ടൂർ ഓപ്പറേറ്റർമാർക്ക് ഈ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തും. നിയമലംഘനങ്ങൾ നടത്തുന്ന ടൂർ ഓപ്പറേറ്റർമാർക്കെതിരെ ശിക്ഷാ നടപടികളും സ്വീകരിക്കും. ഈ വർഷം ആദ്യ പാദത്തിൽ വിദേശികൾക്ക് ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജ് പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

Latest News