കോഴിക്കോട്- അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുടുങ്ങിയ മുസ്്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക്. തന്റെ സമ്പാദ്യം ഇഞ്ചികൃഷിയിലൂടെ നേടിയതാണെന്ന ഷാജിയുടെ അവകാശവാദത്തിന്റെ നിജസ്ഥിതി അറിയാന്‍ വിജിലന്‍സ് സംഘം കര്‍ണാടകയിലേക്ക് പോകും.
നിരവധി തവണ വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്തിരുന്നു. മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് നിഗമനം. കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും ഇഞ്ചികൃഷിയുണ്ടെന്നും കെ.എം ഷാജി മാധ്യമങ്ങളിലൂടെയടക്കം പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഷാജിയുടെ കൃഷി സംബന്ധിച്ച് വിവരം തേടി സംഘം കര്‍ണാടകയിലേക്ക് പോകുന്നത്. വഷാജിക്ക് ഭൂമിയിടപാടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നും വിജിലന്‍സിന് സംശയമുണ്ട്.