തിരുവനന്തപുരം- ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ മുസ്ലിംകൾക്ക് നഷ്ടമുണ്ടായില്ലെന്ന വാദം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തിരുത്തി. മുസ്ലിം സമുദായത്തിന്റെ ഒരു സ്‌കോളർഷിപ്പ് നഷ്ടമായെന്ന് സതീശൻ വ്യക്തമാക്കി. യു.ഡി.എഫ് നിർദ്ദേശം പൂർണമായും അംഗീകരിച്ചില്ലെന്നാണ് പറഞ്ഞത്. തന്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗ് പ്രതികരണമെന്നും സതീശൻ പറഞ്ഞു. നിലവിലുള്ള സ്‌കോളർഷിപ്പ് കുറക്കാത്തതിനെയും മറ്റു സമുദായങ്ങൾക്കും സ്‌കോളർഷിപ്പ് ഏർപ്പെടുത്താനുള്ള തീരുമാനത്തെയും അംഗീകരിക്കുന്നുവെന്നും പറഞ്ഞ സതീശൻ, മുസ്ലിംകൾക്കും ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും നഷ്ടമുണ്ടായിട്ടില്ലെന്നും സതീശൻ വ്യക്തമാക്കിയിരുന്നു. ഇതാണ് ഒന്നര മണിക്കൂറിന് ശേഷം തിരുത്തിയത്. യു.ഡി.എഫ് പറഞ്ഞ ഫോർമുല ഭാഗികമായി സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. മുസ്ലിംകൾക്ക് മാത്രമായി ഉണ്ടായിരുന്ന സ്‌കീം ഒഴിവാക്കിയത് നഷ്ടം തന്നെയാണെന്നും സതീശൻ വ്യക്തമാക്കി.