തിരുവനന്തപുരം- ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുനക്രമീകരിക്കുന്നത് വഴി മുസ്ലിംകൾക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാദത്തിനെതിരെ ലീഗ് രംഗത്ത്. ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറാണ് സതീശനെതിരെ രംഗത്തെത്തിയത്. മുസ്ലിംകൾക്ക് നഷ്ടമുണ്ടായിട്ടില്ലെന്ന സതീശന്റെ വാദം ശരിയല്ലെന്നും മുസ്ലിം സമുദായത്തിന് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ചാണ് മുസ്ലിംകൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയത്. ഇതിൽനിന്ന് 20 ശതമാനം ലത്തീൻ കത്തോലിക്ക വിഭാഗത്തിന് കൂടി നൽകുകയായിരുന്നു. കേരള സർക്കാരിന്റെ തീരുമാനപ്രകാരം ഈ സച്ചാർ കമ്മിറ്റി അനുസരിച്ചുള്ള സ്‌കോളർഷിപ്പ് വഴിയുള്ള ആനുകൂല്യം മുസ്ലിംകൾക്ക് ഇല്ലാതായി എന്നതാണ്. വി.ഡി സതീശൻ ഇക്കാര്യം അതേരീതിയിൽ മനസിലാക്കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
സച്ചാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ചുള്ള ആനുകൂല്യം മുസ്ലിംകൾക്ക് നഷ്ടമാകും എന്ന് ഇന്നലെ വി.ഡി സതീശൻ പറഞ്ഞിരുന്നു. ഇന്ന് ഒരു നഷ്ടവും ഉണ്ടാകില്ലെന്നാണ് സതീശൻ വ്യക്തമാക്കിയത്. മുന്നണിയെ നയിക്കുന്ന കക്ഷി തന്നെ ഇക്കാര്യത്തിൽ ലീഗ് നിലപാടിന് എതിരെ രംഗത്തെത്തിയത് വൻ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കാൻ കാരണമാകും.