മലപ്പുറം- ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് പുനക്രമീകരിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഭാഗികമായി അംഗീകരിച്ചത് യു.ഡി.എഫ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറന്നേക്കും. മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ പിന്നോക്ക അവസ്ഥയുടെ കാര്യ കാരണങ്ങൾ പരിശോധിക്കാൻ വേണ്ടി നിയോഗിച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെയും പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മുസ്്‌ലിം വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് 80:20 എന്ന അനുപാതത്തിലാക്കിയതു തന്നെ തെറ്റായിരുന്നുവെന്ന നിലപാടിലാണ് ലീഗ്. സർക്കാർ തീരുമാനത്തിനെതിരെ ഇന്നലെ വി.ഡി സതീശൻ രംഗത്തുവന്നെങ്കിലും ഇന്ന് വിമർശനം മയപ്പെടുത്തുകയാണ് ചെയ്തത്. അതേസമയം ലീഗിന്റെ ആവശ്യം ന്യായമാണെന്നും ലീഗ് ഉന്നയിച്ച വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്യുമെന്നുമാണ് സതീശൻ വ്യക്തമാക്കിയത്. സർക്കാറിന് എതിരായ വിമർശനം മയപ്പെടുത്തുന്നത് ലീഗിനെയാണ് വെട്ടിലാക്കുന്നത്. സച്ചാർ കമ്മിറ്റി അനുസരിച്ചുള്ള സ്‌കോളർഷിപ്പ് അനുപാതം 80:20 എന്ന രീതിയിലേക്ക് മാറ്റിയത് തന്നെ തെറ്റാണെന്നും ആ തെറ്റ് വരുത്തിയത് സംസ്ഥാന സർക്കാരാണെന്നുമാണ് ലീഗ് വാദം. ഈ അനുപാതത്തെയാണ് കോടതി ദുർബലപെടുത്തിയത്. സർക്കാരിന്റെ പുതിയ തീരുമാന പ്രകാരം സർച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള സ്‌കോളർഷിപ്പ് തന്നെ ഇല്ലാതാകുകയാണ്.മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കാൻ വേണ്ടി കൊണ്ടു വന്ന ഒരു പദ്ധതി തന്നെ വേണ്ടന്ന് വെച്ച് 80:20 അനുപാതത്തെ വീണ്ടും വിഭജിച്ച് മുസ്്‌ലിം ന്യൂനപക്ഷ വിഭാഗത്തെ അവതാളത്തിലാക്കുയാണ് സർക്കാർ ചെയ്യുന്നതെന്നും ലീഗ് വാദിക്കുന്നു.
മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹാരിക്കാൻ നടപ്പിലാക്കിയ സംവരണം തന്നെ സംസ്ഥാന സർക്കാർ ഇല്ലാതാക്കിയെന്നും ലീഗ് വാദിക്കുന്നു. രാജ്യത്തെ മുസ്‌ലിംങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം നടപ്പിലാക്കിയ സ്‌കോളർഷിപ്പിന്റെ പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കി അത് മുടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ലീഗ് വാദിക്കുന്നു. സമുദായ സംഘടനകളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാനാണ് ശ്രമം. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിം സമുദായത്തിന് കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യമാണ് കേരള സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്. മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ അതിനായി സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നടപ്പിലാക്കിയ ആനുകൂല്യങ്ങൾ എന്തിനാണ് ഇല്ലാതാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ലീഗ് വാദിക്കുന്നു. സച്ചാർ കമ്മിറ്റി ശുപാർശ ചെയ്ത ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിന് നൽകുകയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ മുസ്‌ലിം സമുദായത്തിന് ന്യായമായും കിട്ടി കൊണ്ടിരുന്ന ആനുകൂല്യം നിർത്തലാക്കുകയല്ല വേണ്ടത്. മുസ്‌ലിംകൾക്ക് ആനൂകുല്യങ്ങൾ നൽകുന്നതിന് ഇതര സമുദായങ്ങൾ എതിരല്ല. സർക്കാറാണ് ഇവിടെ തമ്മിൽ തല്ലിപ്പിക്കുന്നതെന്നും ലീഗ് വാദിക്കുന്നു.
അതേസമയം, ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് താൻ പറഞ്ഞിട്ടില്ലെന്ന സതീശന്റെ വാദം ലീഗിനെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ വന്ന വാർത്ത ശരിയല്ലെന്നുമാണ് സതീശൻ വ്യക്തമാക്കുന്നത്. സതീശന്റെ പ്രസ്താവനയോട് ലീഗ് എങ്ങിനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.