കോട്ടയം- കാറിടിച്ചു കിണറ്റിൽ വീണ കുട്ടികളെ ജീവൻ പണയം വെച്ചു രക്ഷിച്ച പിതൃസഹോദരൻ കൂടിയായ ഇമാമിനെ അനുമോദിച്ചു. അൽഹസനി ഉലമാ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് പനമറ്റം സക്കീർ ഹുസൈൻ മൗലവി അൽഹസനിയെ ആദരിച്ചത്. ധീരതയ്ക്കുളള അവാർഡിനായി മൗലവിയുടെ പേര് നിർദേശിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. കഴിഞ്ഞ 12 ന് ആണ് പനമറ്റം ഇലവനാൽ മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് നിന്നും നിയന്ത്രണം വിട്ട കാർ കിണറിന്റെ ഭിത്തി തകർത്ത് അപകടം സൃഷ്ടിച്ചത്. കിണറിന് സമീപം ഉണ്ടായിരുന്ന കുട്ടികൾ അപകടത്തെ തുടർന്ന് ആഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ജീവൻ പണയം വെച്ച് സക്കീർ ഹുസൈൻ അൽഹസനി കിണറിലിറങ്ങി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. സക്കീറിന്റെ മനോധൈര്യമാണ് കുട്ടികളെ രക്ഷിച്ചത്. കുട്ടികളിൽ ഒരാൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. വിട്ടുമുറ്റത്തെ ഷെഡ്ഡിൽ നിന്നെടുത്ത കാർ നിയന്ത്രണംവിട്ട് 15 അടി അകലത്തിലുള്ള കിണറ്റിലേക്ക് പാഞ്ഞു.
ഇതിനിടെ കിണർ ഭിത്തിയിലിരുന്ന കുട്ടികളാണ് താഴേക്കു പതിച്ചത്. പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ വീട്ടുമുറ്റത്താണ് പരിസരവാസികളെ നടുക്കിയ അപകടമുണ്ടായത്. ഷബീർ ഷെഡിൽനിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ ആക്സിലറേറ്റർ കൂടിയതിനാൽ അപ്രതീക്ഷിതമായി കാർ മുമ്പോട്ടു പായുകയായിരുന്നു. റിങ്ങുകൾകൊണ്ട് സംരക്ഷണ ഭിത്തി തീർത്ത കിണറിന്റെ മുകളിൽ ഇരുമ്പു വലയുണ്ടായിരുന്നു. ഷബീറിന്റെ മകൾ ഷിഫാന(14), ഷബീറിന്റെ അനുജൻ സത്താറിന്റെ മകൻ മുഫസിൻ(നാലര) എന്നിവർ കിണറിന്റെ ഭിത്തിയിൽ വലയുടെ മുകളിലായി ഇരിക്കുകയായിരുന്നു. ഭിത്തി തകർന്ന് താഴേക്ക് പതിച്ചപ്പോൾ ഇരുവരും കിണറിനുള്ളിൽപെട്ടു. ഭിത്തിയുടെ ഭാഗം മറ്റൊരുവശത്തേക്ക് പതിച്ചതിനാൽ കുട്ടികൾ പരിക്കേൽക്കാതെ നേരേ വെള്ളത്തിലേക്കു വീണു. 32 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിൽ ഏഴടിയോളം വെള്ളമുണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഷബീറിന്റെ ജ്യേഷ്ഠസഹോദരൻ ഇ.ജെ സക്കീർ ഹുസൈൻ മൗലവി പമ്പ്സെറ്റിന്റെ പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. കുട്ടികളെ സധൈര്യം രക്ഷിച്ച സംഭവം സക്കീർ ഹുസൈൻ ചടങ്ങിൽ വിവരിച്ചു.
പള്ളിക്കര അബൂബക്കർ മൗലവി അൽഹസനി ചടങ്ങിൽ അധ്യക്ഷനായി. എ.ഷിഹാബുദ്ദീൻ മൗലവി, കാട്ടാമ്പള്ളി മുഹമ്മദ് മൗലവി, പി.എ ഫതഹുദ്ദീൻ മൗലവി, കെ.എം ത്വാഹ മൗലവി, എ.ത്വാഹ മൗലവി എന്നിവർ പ്രസംഗിച്ചു.