Sorry, you need to enable JavaScript to visit this website.

കൊടകര കുഴൽപണ കേസ്; ബി.ജെ.പി ബന്ധം കൂട്ടിയിണക്കാനാവാതെ പോലീസ്‌


തൃശൂർ- കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപണ കേസുമായി ബി.ജെ.പി ബന്ധങ്ങൾ കൂട്ടിയിണക്കനാവാതെ പോലീസ്. ഈ മാസം 23 നോ 24 നോ പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ബി.ജെ.പി നേതാക്കളാരും പ്രതിപ്പട്ടികയിലുണ്ടാകില്ലെന്നാണ് പുതിയ വിവരം. തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതൽ കൊടകര കുഴൽപണ കേസിന്റെ പേരിൽ പ്രതിക്കൂട്ടിലായ ബി.ജെ.പിക്ക് ഏറെ ആശ്വാസം തരുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ ആരേയും പ്രതി ചേർക്കാതെ പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുമ്പോൾ അത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. 
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇവരെയാരേയും കേസിൽ പ്രതികളാക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കോടികളുടെ ഇടപാട് നടന്ന കുഴൽപണ കേസ് വെറും കവർച്ച കേസ് എന്ന നിലയിലേക്ക് മാറും. ബി.ജെ.പി നേതാക്കളുടെ മൊഴികൾ സാക്ഷി മൊഴി എന്ന നിലയിലേക്കായിരിക്കും പരിഗണിക്കുകയെന്നറിയുന്നു.


സുരേന്ദ്രനടക്കം പത്തൊമ്പത് ബി.ജെ.പി നേതാക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. പണം കൊടുത്തയച്ച ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജനെ അറിയില്ലെന്ന് ഇവരാരും തന്നെ പറഞ്ഞില്ല. ധർമ്മരാജന് തെരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ വിതരണ ചുമതലയുണ്ടായിരുന്നതായാണ് ഇവരെല്ലാം പോലീസിന് മൊഴി നൽകിയത്. അതുമായി ബന്ധപ്പെട്ടാണ് തങ്ങളെല്ലാം ധർമ്മരാജനെ ബന്ധപ്പെട്ടിരുന്നതെന്നും പത്തൊമ്പതു പേരും ഏകകണ്ഠമായി മൊഴി നൽകിയതോടെ പ്രത്യേക അന്വേഷണ സംഘത്തിന് വഴിമുട്ടുകയായിരുന്നു. ധർമ്മരാജനെ അറിയില്ലെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഫോൺ കോൾ ഡീറ്റെയിൽസ് അടക്കമുള്ള തെളിവുകൾ നിരത്തി പോലീസിന് അവരെ പ്രതിരോധിക്കാമായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. ബി.ജെ.പി നേതാക്കൾക്ക് ധർമ്മരാജനുമായി ബന്ധമുണ്ടെങ്കിലും മൂന്നരക്കോടിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഒരു തെളിവും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ബിജെപി നേതാക്കളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയ സ്ഥിതിക്ക് പോലീസിന് കാര്യമായി ഇനിയൊന്നും അന്വേഷിക്കാനില്ല. ഇതുവരെ അന്വേഷിച്ചതിന്റെ വിശദമായ റിപ്പോർട്ട് ഇ.ഡിക്ക് കൈമാറുകയാണ് ഇനി ചെയ്യാനുള്ളത്. ഈ റിപ്പോർട്ടിൽ കേസന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേന്ദ്ര ഏജൻസിയാണ് ഇത് അന്വേഷിക്കേണ്ടതെന്നും പോലീസ് സൂചിപ്പിക്കും. 


കവർച്ച ചെയ്ത പണം മുഴുവൻ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണെന്നും പോലീസ് പറയുന്നുണ്ട്. ബിസിനസ് ആവശ്യത്തിന് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടിയാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് ധർമ്മരാജൻ ഇപ്പോൾ കോടതിയിൽ പറഞ്ഞിരിക്കുന്നത്. 
ഇതിന്റെ തെളിവുകളും രേഖകളും ഹാജരാക്കുമെന്നും ധർമ്മരാജൻ പറയുന്നുണ്ട്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവന്ന പണമാണെന്ന് തെളിയിക്കാൻ ഇതുവരെയും പോലീസിന് തെളിവോ രേഖകളോ ലഭിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ കിട്ടിയിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിന് സമീപം വെച്ച് കാർ തടഞ്ഞ് മൂന്നരക്കോടിയും കാറും തട്ടിയെടുക്കപ്പെട്ടത്. കവർച്ച ചെയ്ത പണത്തിൽ വലിയൊരു ഭാഗവും കാറും കണ്ടെടുത്തിട്ടുണ്ട്. 22 പേരെ കവർച്ച കേസുമായി അറസ്റ്റു ചെയ്തിട്ടുമുണ്ട്. മറ്റു പ്രതികൾക്കായും ബാക്കിയുള്ള പണത്തിനായിും അന്വേഷണം ഇപ്പോഴും തുടരുകയാണ്. 


അതേസമയം ഇതുവരെയും കേസിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്ന വ്യക്തമായ റിപ്പോർട്ട് നൽകിയിരുന്ന പോലീസ് അവസാന നിമിഷം മലക്കം മറിയുന്നത് വലിയ വിവാദങ്ങൾക്കിടയാക്കുന്നുണ്ട്. ഇരിങ്ങാലക്കുട കോടതിയിൽ ധർമ്മരാജന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപിച്ച റിപ്പോർട്ടിൽ കേസിൽ ബി.ജെ.പിക്കുള്ള പങ്ക് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 
പ്രോസിക്യൂഷൻ കോടതിയിൽ പ്രതികളുടെ ജാമ്യഹർജി തള്ളാൻ ഉന്നയിച്ച വാദങ്ങളിലും രാഷ്ട്രീയബന്ധമുള്ള കേസാണിതെന്ന് സൂചിപ്പിച്ചിരുന്നു. ഇതെല്ലാം അപ്പാടെ മാറ്റിമറിച്ചുകൊണ്ടാണ് ഇപ്പോൾ കൊടകര കുഴൽപണ കേസ് കൊടകര കവർച്ചാ കേസ് മാത്രമാകുന്നത്. 
ബി.ജെ.പി നേതാക്കളെ പ്രതിപട്ടികയിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് വിദഗ്ധ നിയമോപദേശം തേടിയിരുന്നു. നേരിട്ട് ഒരു തെളിവുമില്ലാതെ ബിജെപി നേതാക്കളെ പ്രതിപട്ടികയിൽ ചേർക്കുന്നത് പോലീസിന് തിരിച്ചടിയാകുമെന്ന നിയമോപദേശമാണ് ലഭിച്ചതെന്നറിയുന്നു. 
കവർച്ച കേസിലെ പ്രതികൾക്കൊപ്പം ബി.ജെ.പി നേതാക്കളെ കൂട്ടുപ്രതികളായി ചേർക്കണോ എന്ന കാര്യം ഇപ്പോഴും പോലീസ് പരിശോധിക്കുന്നുണ്ട്. അവസാന നിമിഷം പോലീസ് കളംമാറിയെന്ന ആരോപണമൊഴിവാക്കാനും സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാനും വേണ്ട കാര്യങ്ങളാണ് പോലീസ് ഇപ്പോൾ നോക്കുന്നത്. 

 

Latest News