Sorry, you need to enable JavaScript to visit this website.

ആളൂർ പീഡനക്കേസ്: മയൂഖ ജോണി അടക്കം പത്തു പേർക്കെതിരെ കേസ്

തൃശൂർ- ആളൂർ പീഡനക്കേസ് വെളിപ്പെടുത്തിയ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10 പേർക്കെതിരെ ആളൂർ പോലീസ് കേസെടുത്തത്. 
സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ പരമാധികാരി നിഷ സെബാസ്റ്റ്യൻ, ട്രസ്റ്റിമാരായ ഉമേഷ് ജോസ്, നവീൻ പോൾ, പി.പി.ഷാന്റോ എന്നിവർക്കും മറ്റ് 6 പേർക്കും എതിരെ കേസെടുക്കാനാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിർദേശിച്ചത്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. 
2016 ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങൾ എടുക്കുകയും ചെയ്‌തെന്നാണ് പരാതി. 
പ്രതിയ്ക്കു വേണ്ടി മന്ത്രി തലത്തിൽ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം.സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ ഉന്നയിച്ചിരുന്നു. എംപറർ ഇമാനുവൽ പ്രസ്ഥാനം വിട്ടുപോയവരും പ്രസ്ഥാനത്തിലുള്ളവരും തമ്മിലുള്ള തർക്കത്തിന്റെ പേരിലാണ് പീഡന ആരോപണമെന്നായിരുന്നു മയൂഖക്കു കൂട്ടർക്കുമെതിരെ എതിർപക്ഷം ആരോപിച്ചത്. 
ഇതിനിടെ മയൂഖയ്ക്ക് വധഭീഷണിക്കത്തും ലഭിച്ചിരുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ തീർത്തു കളയുമെന്ന തരത്തിലുള്ള ഭീഷണിക്കത്താണ് ലഭിച്ചത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം മയൂഖ ഇതു സംബന്ധിച്ച് പരാതിയും നൽകിയിട്ടുണ്ട്.
 

Latest News