പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഡിയുടെ താടി പോലെ കോൺഗ്രസ് കീഴ്‌പോട്ട് വളരുന്നതിനാൽ ഇനി ആസ്ഥാന കവികൾക്ക് പകരം, തലയിൽ ആൾതാമസമുള്ള വല്ലവരും തന്ത്രങ്ങൾ രൂപീകരിക്കണമെന്ന് ആ പാർട്ടി ആത്മാർഥമായി ആഗ്രഹിച്ചുപോയെങ്കിൽ കുറ്റം പറയാനില്ല. അതിനാൽ പ്രശാന്ത് കിഷോറിനെപ്പോലുള്ള തനി രാവണൻമാരെ തറവാട്ടിലേക്ക് ആനയിക്കുക മാത്രമേ മാർഗമുള്ളൂ. അവരും ഒരു കൈ നോക്കട്ടെ.
എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോഴാണ് പലപ്പോഴും നാം മൂഢൻമാരാകുന്നത്. ചെയ്യുന്നതെല്ലാം പിഴയ്ക്കും, ഒരു തെറ്റിൽനിന്ന് മറ്റൊന്നിലേക്ക് നീങ്ങും. എല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്തലുകൾ സാധ്യമല്ലാത്ത വിധം വൈകിപ്പോയിരിക്കും. ഇതികർത്തവ്യതാ മൂഢൻ എന്നൊക്കെ കേട്ടിട്ടില്ലേ.. ദേശീയ മതേതര കക്ഷിയായ കോൺഗ്രസിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
തറവാട്ടിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ചിലപ്പോൾ കാരണവൻമാർക്ക് പരിഹരിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ദുർവാശിയും സ്വാർഥതയും നിക്ഷിപ്ത താൽപര്യങ്ങളുമൊക്കെയുള്ള കാരണവൻമാരാണെങ്കിൽ പറയുകയും വേണ്ട. പരിഹാരത്തിന് ശ്രമിച്ച് ചിലപ്പോൾ തറവാട് തന്നെ കുളംതോണ്ടിപ്പോകും. ബുദ്ധിമാൻമാരായ കാരണവൻമാർ അതിനാൽ മിടുക്കരായ മധ്യസ്ഥരെ പുറത്തുനിന്ന് കൊണ്ടുവരും. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കുകയും ചെയ്യും. അങ്ങനെയാണ് കോൺഗ്രസ് തറവാടിനെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടി കാരണവൻമാർ പ്രശാന്ത് കിഷോർ എന്ന മിടുമിടുക്കനിലേക്ക് എത്തുന്നത്.
കിഷോർ ആള് നിസ്സാരക്കാരനല്ല. തെരഞ്ഞെടുപ്പിൽ ആര് ജയിക്കും, ആര് തോൽക്കും എന്നൊക്കെ കൃത്യമായി പറയുന്ന രാഷ്ട്രീയ ജ്യോത്സ്യനാണ്. കടത്തിപ്പറഞ്ഞാൽ, ആര് ജയിക്കണം, ആര് തോൽക്കണം എന്നൊക്കെ തീരുമാനിക്കുന്ന തന്ത്രശാലിയാണ്. അതിനാൽ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളൊക്കെ ഇപ്പോൾ കിഷോറിന്റെ പിന്നാലെയാണ്. പ്രശാന്തിന്റെ തന്ത്രങ്ങൾ ആദ്യം നരേന്ദ്ര മോഡിയെ അധികാരത്തിലേറ്റി. ഇപ്പോൾ പ്രതിപക്ഷത്തിനായി മോഡിയെ ഇറക്കാനുള്ള ശ്രമത്തിലാണെന്നാണ് വാർത്താവിരുതന്മാർ എഴുതി വിടുന്നത്. ബംഗാളിൽ മമത ജയിക്കുമെന്നും ബി.ജെ.പി മൂന്നക്കം കടക്കില്ലെന്നും പറഞ്ഞ വിദഗ്ധനാണ്. ആർക്കും വിശ്വസിക്കാൻ പറ്റാതിരുന്ന പ്രവചനം കൃത്യമായി ഫലിച്ചില്ലേ.. അതാണ് പ്രശാന്ത് കിഷോർ മാജിക്. മണിച്ചിത്രത്താഴിലെ സണ്ണിക്കുട്ടിയെക്കുറിച്ച് ബ്രഹ്മദത്തൻ നമ്പൂതിരി പറയുമ്പോലെ... ലോകപ്രസിദ്ധനാ... തനി രാവണൻ.. പത്തുതലയാ ഇവന്..
ഇന്ത്യയിലെ ജനങ്ങളുടെ യഥാർഥ മനസ്സ് വായിച്ചെടുക്കാൻ പറ്റുന്നത് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾക്കല്ല, കിഷോറിനെപ്പോലെയുള്ള മാനേജ്‌മെന്റ് വിദഗ്ധർക്കാണെന്നത് ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ച് അതീവ കൗതുകം ജനിപ്പിക്കുന്ന യാഥാർഥ്യമല്ലേ. പണ്ടുമുതലേ, നമ്മുടെ നാട്ടിൽ തെരഞ്ഞെടുപ്പ് പ്രവചന വിദഗ്ധരുണ്ട്, സെഫോളജിസ്റ്റുകളെന്ന് വിളിക്കും. പ്രണോയ് റോയ് മുതൽ യോഗേന്ദ്ര യാദവ് വരെയുള്ള വിദഗ്ധൻമാരുടെ പ്രവചനങ്ങൾ സത്യമായി പുലരുന്നത് കണ്ട് പുളകം കൊള്ളുകയും തെറ്റിപ്പോകുന്നത് കണ്ട് നിരാശപ്പെടുകയും ചെയ്തിട്ടുണ്ട്, തെരഞ്ഞെടുപ്പുത്സവത്തിനിടെ നമ്മൾ. എന്നാൽ കിഷോർ വെറും പ്രവചനക്കാരനല്ല. ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് താൻ ജോലി ചെയ്യുന്ന പാർട്ടിക്ക് അനുകൂലമാക്കി മാറ്റാൻ കഴിവുള്ള മാനേജ്‌മെന്റ് വിദഗ്ധനാണ്. ഈ ജോലി ചെയ്യുന്നവരെ വിളിക്കാൻ പറ്റുന്ന ശരിയായ വാക്ക് കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, സ്ട്രാറ്റജിസ്റ്റ് എന്നൊക്കെ വിളിക്കും. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മോഡിയുടെ താടി പോലെ കോൺഗ്രസ് കീഴ്‌പോട്ട് വളരുന്നതിനാൽ ഇനി ആസ്ഥാന കവികൾക്ക് പകരം തലയിൽ ആൾതാമസമുള്ള വല്ലവരും തന്ത്രങ്ങൾ രൂപീകരിക്കണമെന്ന് പാർട്ടി ആത്മാർഥമായി ആഗ്രഹിച്ചുപോയെങ്കിൽ കുറ്റം പറയാനില്ല.
ഒന്നു രണ്ടു മാസമായി കിഷോർ മുംബൈയിലും ദൽഹിയിലുമായി ചിറകുവിരിച്ച് പറക്കുകയാണ്. ശരത് പവാറാണ് കക്ഷിയെ പ്രതിപക്ഷതന്ത്ര രൂപീകരണത്തിനായി ക്ഷണിച്ചത്. മുംബൈയിലെ കൂടിക്കാഴ്ചയിൽ തന്റെ ആവശ്യങ്ങൾ പവാർ കിഷോറിനെ അറിയിച്ചു. എല്ലാം മനസ്സിലേറ്റി മടങ്ങിയ കിഷോർ, അതിവിദഗ്ധൻമാരായ തന്റെ മാനേജ്‌മെന്റ് ടീമുമായി ആലോചിച്ചും ചർച്ച ചെയ്തും ചില നിഗമനങ്ങളിലെത്തി. അതിന്റെ ഭാഗമായാണത്രേ, ദൽഹിയിൽ ചില പ്രതിപക്ഷ തലകൾ ഒരുമിച്ചുചേർന്നത്. അതോടെ ദേശീയ മാധ്യമങ്ങൾ അലറി വിളിച്ചു, മൂന്നാം മുന്നണി വരുന്നേയെന്ന്. വരുന്നത് മൂന്നാം മുന്നണിയല്ലെന്നും ഇതൊരു രാഷ്ട്രീയാതീത ചായകുടി സൽക്കാരം മാത്രമാണെന്നും പിന്നീട് പവാറും യശ്വന്ത് സിൻഹയും വിശദീകരിച്ചു. അദ്വാനിയേയും ജോഷിയേയും പോലെ നരേന്ദ്ര മോഡി പടിയടച്ച് പിണ്ഡം വെച്ച ബി.ജെ.പിയിലെ ബുദ്ധിയുള്ള നേതാക്കളിൽ ഒരാളായിരുന്നു പല രാഷ്ട്രീയ പാർട്ടികളിലും സാന്നിധ്യമറിയിച്ച് ഇപ്പോൾ മഞ്ച് നുണയുന്ന യശ്വന്ത് സിൻഹ. മകൻ മോഡിക്കൊപ്പമാണെങ്കിലും സിൻഹ ഇപ്പോൾ മമതക്കൊപ്പമാണ്. പ്രായാധിക്യമുണ്ടെങ്കിലും സിൻഹയുടെ രാഷ്ട്രീയ ബോധത്തിനും മോഡി വിരോധത്തിനും മൂർച്ച കുറഞ്ഞിട്ടില്ല.
ഈ അനൗപചാരിക യോഗം മോഡിക്കെതിരായ സംയുക്ത പ്രതിപക്ഷം എന്ന ആശയത്തെ വാസ്തവത്തിൽ ദുർബലമാക്കുകയാണ് ചെയ്തത്. കാരണം ഈ യോഗത്തിൽ കോൺഗ്രസിന്റെ അസാന്നിധ്യമാണ് മുഴച്ചുനിന്നത്. തങ്ങൾക്ക് പ്രാധാന്യമില്ലാത്ത ഒരു യോഗത്തിലേക്ക് പ്രതിനിധികളെ അയക്കുന്നത് തറവാട്ട് കാരണവൻമാർക്ക് താൽപര്യമില്ലാത്ത കാര്യമാണല്ലോ. അതിനാൽ ആരും പോയില്ല, ക്ഷണം കിട്ടിയെങ്കിലും. സംയുക്ത പ്രതിപക്ഷത്തെയൊക്കെ ഉണ്ടാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും മറ്റുള്ളവർ തങ്ങളോടൊപ്പം അണിചേരുകയാണ് വേണ്ടതെന്നുമുള്ള ദുർവാശിയാണ് കാരണവൻമാർക്ക്. തറവാട് ക്ഷയിച്ചുവെന്നും മൂലക്കല്ല് ഇളകിയിരിക്കുകയാണെന്നും കാരണവൻമാരെ അറിയിക്കാൻ ഇളംമുറക്കാർക്ക് പേടിയുമാണ്. ആരോ പത്തിരുപത്തിമൂന്നു പേർ ഇക്കാര്യം കത്തയച്ച് അറിയിച്ചതിന്റെ പേരിൽ ഇപ്പോൾ വിമതന്മാർ എന്ന വിളിപ്പേര് പേറേണ്ട അവസ്ഥയിലുമായി.
പ്രതിപക്ഷ യോഗം ഇവ്വിധം പര്യവസാനിക്കേ, കിഷോറിന്റെ ബുദ്ധി പാളിയെന്ന് നമ്മളെല്ലാം വിചാരിക്കും. എന്നാൽ ബുദ്ധിമാൻമാർ മണ്ടത്തരം ചെയ്യുകയില്ല. നമുക്കങ്ങനെ തോന്നുമെന്ന് മാത്രം. ഇതിനു പിന്നിലും ഏതോ തന്ത്രമായിരിക്കാം. ഉദാഹരണത്തിന് ഇങ്ങനെ വ്യാഖ്യാനിക്കാം: ഇന്ത്യയിൽ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സഖ്യമുണ്ടാക്കുമ്പോൾ അത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കണമെന്നും ഇല്ലെങ്കിൽ വിജയിക്കില്ലെന്നുമുള്ള ഒരു പൊതുബോധം സാധാരണക്കാരുടേയും പ്രാദേശിക പാർട്ടികളുടേയുമൊക്കെ തലച്ചോറിലേക്ക് പമ്പുചെയ്യാൻ ഈ യോഗം സഹായിച്ചില്ലേ.. ശരത് പവാർ തന്നെ ആവർത്തിച്ച് പ്രസ്താവിച്ചു, കോൺഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം അസാധ്യമെന്ന്. പത്രങ്ങൾ ലേഖനങ്ങളും മുഖപ്രസംഗങ്ങളുമെഴുതി. വാർത്താ ചാനലുകൾ ചർച്ച സംഘടിപ്പിച്ചു. ചുരുക്കത്തിൽ, കോൺഗ്രസ് മുന്നിൽ നിൽക്കണമെന്ന പ്രതീതിയുണ്ടായി. അതാണ് നമ്മൾ മണ്ടത്തരം എന്ന് വിചാരിക്കുമെങ്കിലും കിഷോർ മാനത്ത് കണ്ട ബുദ്ധി, തന്ത്രം.
ഇനി രണ്ടാം ഘട്ടമാണ്. കോൺഗ്രസ് മുന്നിലേക്ക് വരണം. അതിനായി ആദ്യം തറവാട്ടിൽ ചില ശുദ്ധികലശങ്ങൾ ആവശ്യമാണ്. കിഷോർ കഴിഞ്ഞ ദിവസം പ്രമുഖ കാരണവൻമാരുമായെല്ലാം ചർച്ച നടത്തിക്കഴിഞ്ഞു. അധ്യക്ഷയായി സോണിയാ ഗാന്ധിക്ക് തുടരാൻ കഴിയില്ല. മകനാകട്ടെ, സമ്പൂർണ അധികാര കേന്ദ്രമാണെങ്കിലും പ്രസിഡന്റ് അടക്കം ഒരു പദവിയും എടുത്ത് തലയിൽവെക്കാൻ ആഗ്രഹിക്കുന്നില്ല. മകൾക്കും ഈ പാപഭാരം താങ്ങാനുള്ള ത്രാണിയില്ല. അപ്പോൾ പിന്നെ ആര്? കിഷോർ കൃത്യമായ ഉപദേശം നൽകിയിട്ടുണ്ടാവാം. കമൽനാഥ് അടക്കം പലരുടേയും പേര് പറഞ്ഞുകേൾക്കുന്നു. ഭരണമുള്ള പഞ്ചാബിലും മറ്റും നിരന്തരം തുടരുന്ന അടിപിടി ഒഴിവാക്കാനുള്ള മാർഗങ്ങളും കിഷോർ ഉപദേശിച്ചു. അവിടെ സിധു പാർട്ടി അധ്യക്ഷനാകുമത്രേ. അങ്ങനെ പ്രശ്‌നങ്ങൾ ഒന്നൊന്നായി തീർത്ത് പ്രതിപക്ഷ സഖ്യത്തിന്റെ മുന്നിലേക്ക് കോൺഗ്രസിനെ ആവാഹിച്ച് വരുത്താനാണ് പരിപാടി.
പുറത്തുനിന്ന് സഹായിക്കുന്നതിനേക്കാൾ അകത്ത് നിന്ന് പിന്താങ്ങുന്നതല്ലേ നല്ലതെന്ന ആലോചനയും ഉണ്ടായിട്ടുണ്ടെന്നതിനാൽ കിഷോറിനെ തറവാട്ടിലേക്ക് ദത്തെടുക്കാനും ശ്രമമുണ്ട്. മുമ്പൊരിക്കൽ നിതീഷ് കുമാറിന്റെ പാർട്ടിയിൽ ചേർന്ന് ജനറൽ സെക്രട്ടറിയായ ആളാണ്. പിന്നീട് രാഷ്ട്രീയം മടുത്ത് പുറത്തുവന്ന് ഇനി രാഷ്ട്രീയത്തിലേക്കുമില്ല, തന്ത്രജ്ഞനാകാനുമില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറി നടന്നപ്പോഴാണ് പവാർ പിടിച്ചുവലിച്ച് കോൺഗ്രസിലേക്ക് കയറ്റിവിട്ടിരിക്കുന്നത്. ഇനി കാണാൻ പോകുന്നതെല്ലാം കിഷോറിന്റെ വലിയ തലയിൽ ഒളിച്ചിരിക്കുന്ന മഹാമാന്ത്രിക പ്രകടനങ്ങളാകും.
2024 നിർണായകമാണ്. മോഡിയും അമിത് ഷായും മൂന്നാമൂഴത്തിന് രംഗത്തിറങ്ങുന്നു. ചിലപ്പോൾ മുഴുവൻ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടായേക്കാം. തദ്ദേശ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നേക്കാം. 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം 2024 ൽ പ്രാവർത്തികമാക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. അപ്പോൾ കിഷോറിന് പിടിപ്പത് പണിയാണ്. പത്തു തല മതിയാവില്ല രാവണന്. ജനമനസ്സുകളെ അമ്മാനമാടുന്ന പല പ്രബന്ധങ്ങളും പാരാസൈക്കോളജിയിൽ ഈ അഭിനവ സണ്ണിക്കുട്ടന് അവതരിപ്പിക്കേണ്ടിവരും. ഒടുവിൽ ജനം, ബ്രഹ്മദത്തൻ വിളിക്കുന്ന പോലെ ഏഭ്യൻ എന്ന് വിളിക്കാതിരുന്നാൽ മതിയെന്ന് മാത്രം.