ചെറുവത്തൂർ- കേരള ജനതയുടെ ദൈനംദിന സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായി മാറിയ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. സഹകരണ മന്ത്രാലയത്തിന് പുതുതായി രൂപം നൽകി കേന്ദ്ര സർക്കാർ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ സംസ്ഥാനത്തെ ജനങ്ങളും സഹകാരികളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ ജനസേവനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നിർമിച്ച തിമിരി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിലും പ്രയാസങ്ങളിലും ദുഃഖങ്ങളിലും കൂടെ നിന്ന സഹകരണ മേഖല കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ജനങ്ങൾ പ്രളയക്കെടുതി നേരിട്ടപ്പോഴും കോവിഡ് മഹാമാരിയിലും ആശ്വാസിപ്പിക്കാൻ രംഗത്തു വന്നത് സഹകരണ മേഖലയാണ്.
സഹകരണ സംരംഭങ്ങൾ കേരളത്തിന്റെ സ്വത്താണ്. അതിന്മേലുള്ള കടന്നുകയറ്റം ഫെഡറൽ സംവിധാനത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. അർബൻ ബാങ്കുകളെ തകർക്കാനും കേന്ദ്രം ശ്രമം ആരംഭിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ ഒരു നിക്ഷേപകനും കഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രബുദ്ധരായ സഹകാരികൾ കേന്ദ്ര നയത്തിനെതിരെ രംഗത്തിറങ്ങണമെന്നും മന്ത്രി വാസവൻ പറഞ്ഞു.
എം. രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യമായി രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുന്നതിനായി ബാങ്കിൽ ഒരുക്കിയ രാത്രികാല കൗണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും വിദ്യാതരംഗിണി വായ്പാ പദ്ധതി കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സർക്കിൾ സഹകരണ യൂനിയൻ ചെയർമാനുമായ കെ.പി വത്സലനും ഉദ്ഘാടനം ചെയ്തു.