Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിനും ആയിഷ സുൽത്താനക്കും നിയമ സഹായത്തിനായി സംയുക്ത സമിതി

കൊച്ചി- ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭരണഘടനാ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുന്നതിനും രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് വേട്ടയാടുന്ന ആയിഷ സുൽത്താനക്ക് നിയമസഹായവും സംരക്ഷണവും നൽകുന്നതിനും കൊച്ചിയിൽ വിവിധ രാഷ്ട്രീയ സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന സംയുക്ത സമിതി രൂപവൽക്കരിച്ചു. ലക്ഷദ്വീപ് ഐക്യദാർഢ്യ സമിതിയെന്ന പേരിൽ രൂപവൽക്കരിച്ച സംഘടനയുടെ പ്രഥമ യോഗം കൊച്ചിയിൽ ചേർന്നു.
ആയിഷ സുൽത്താനക്കെതിരെ ചുമത്തിയ കള്ളക്കേസും ലക്ഷദ്വീപിനെ കോർപറേറ്റുകൾക്ക് അടിയറവെക്കുന്ന കേന്ദ്ര സർക്കാർ നടപടികളും പിൻവലിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ ആവാസ ജനാധിപത്യ വ്യവസ്ഥ തകർക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ ഹീന നടപടികളെ യോഗം അപലപിച്ചു. ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമിതി രൂപവൽക്കരിച്ചതെന്നും അവർക്ക് ആവശ്യമായ നിയമപരവും അല്ലാത്തതുമായ സഹായങ്ങൾ നൽകുമെന്നും യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ എളമരം കരീം പറഞ്ഞു. സഹകരിക്കാൻ താൽപര്യമുള്ള മറ്റ് സന്നദ്ധ സംഘടനകളെ കൂടി ഉൾപ്പെടുത്തി സമിതി വിപുലമാക്കും. സാഹചര്യത്തിനനുസരിച്ച് ഭാവി പരിപാടികൾ രൂപപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.


കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ജനാധിപത്യ വിശ്വാസികൾക്കാകില്ല. സർക്കാറിന്റെ ഇത്തരം നീക്കങ്ങൾ ചോദ്യം ചെയ്യുന്നവരെ രാജ്യ ദ്രോഹികളാക്കാനുള്ള ശ്രമങ്ങൾ കേരളം വെച്ചുപൊറുപ്പിക്കില്ല. ലക്ഷദ്വീപിൽ നടക്കുന്ന കാര്യങ്ങൾ വാർത്താ മാധ്യമങ്ങളോട് തുറന്നുപറഞ്ഞതിന്റെ പേരിൽ കള്ളക്കേസിൽ പെടുത്തിയ ആയിഷാ സുൽത്താനക്ക് സർവ പിന്തുണയും സംരക്ഷണവും നൽകും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ വിവിധ മേഖലകളിലുള്ളവർ ഒത്തുചേരുന്നത് തന്നെ കേരളത്തിന്റെ പരിഛേദമാണ് വെളിവാക്കുന്നത്. ആ ജനതയുടെ നിലവിളി കേട്ടില്ലെന്ന് നടിക്കാൻ ജനാധിപത്യം പുലരണമെന്ന് ആഗ്രഹിക്കുന്ന ആർക്കും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ ശബ്ദമുയർത്താനും കേരള ജനതയെ ഒന്നിച്ച് അണിനിരത്താനും പരിശ്രമിക്കുമെന്നും യോഗം അറിയിച്ചു. 


ഐക്യദാർഢ്യ സമിതി രൂപവൽക്കരണ യോഗം സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്തു. മുൻ എം.പി. കെ വി. തോമസ് അധ്യക്ഷനായി. ഐക്യദാർഢ്യ സമിതിയുടെ ഭാരവാഹികൾ: ബെന്നി ബെഹ്‌നാൻ എം.പി ചെയർമാൻ, എളമരം കരീം എം.പി ജനറൽ സെക്രട്ടറി, പ്രൊഫ. കെ.വി. തോമസ്, ബിനോയ് വിശ്വം എം.പി, ശ്രേയാംസ് കുമാർ എം.പി, എം.കെ. സാനു, ബി. ഉണ്ണികൃഷ്ണൻ, പ്രൊഫ. ചന്ദ്രദാസൻ, സി.എൻ. മോഹനൻ, ടി.ജെ വിനോദ് എം.എൽ.എ, പി. രാജു, കെ.എൽ. മോഹനവർമ, ഡോ. മ്യൂസ് മേരി ജോർജ്, എസ്. സതീഷ്, ഡോ. സെബാസ്റ്റിയൻ പോൾ, അഡ്വ. ടി.വി. അനിത (വൈസ് പ്രസിഡന്റുമാർ), എ.എം. ആരിഫ് എം.പി, കെ. സോമപ്രസാദ് എം.പി, വി. ശിവദാസ് എം.പി, ജോൺ ബ്രിട്ടാസ് എം.പി, എം. സ്വരാജ്, അഡ്വ. മേഴ്‌സി, കെ.എൻ. ഗോപിനാഥ്, സിദ്ദീഖ് ബാബു, സി.ഐ.സി.സി ജയചന്ദ്രൻ, അഡ്വ. രഞ്ജിത്ത് തമ്പാൻ, സലീം മടവൂർ, വിധു വിൻസെന്റ് (കൺവീനർമാർ). കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ ആയിഷാ സുൽത്താനയും പങ്കെടുത്തു. 

 

Latest News