ഹജിന്റെ ചൈതന്യം - 3
തൗഹീദ് എന്നാൽ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ വാചാകർമണായുള്ള പ്രാർഥനയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാർഥന. ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്യും പിന്നീട് ജംറകളിൽ എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഭൂമിയും ഏഴാണ്. ഒരാഴ്ച എന്നാൽ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലർത്തുന്നു. ഇങ്ങനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റുക്കറങ്ങുന്ന രീതി പ്രപഞ്ചത്തിൽ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്സികളിലും ഇങ്ങേയറ്റം അണുവിൽ വരെ ചലനം - ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അർശിന് ചുറ്റും മലക്കുകൾ നിരന്തരം നിർവഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തിൽ തന്നെ. അങ്ങനെ അങ്ങോളമിങ്ങോളം സൃഷ്ടികർത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം തമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പിൽ അടിയറവെച്ച് 'റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാൻ നിന്റെ വ്യവസ്ഥയോട് ചേർന്നു നിൽക്കാൻ സദാ സന്നദ്ധനാണ്'' എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാർത്ഥനയുമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവർ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത - താളപ്പൊരുത്തമില്ലാത്ത - അനർഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന തിരിച്ചറിവ് ത്വവാഫ് നമുക്കേകുന്നുണ്ട്.
ത്വവാഫിന്ന് ശേഷമുള്ള സുന്നത്ത് നമസ്‌കാരത്തിൽ ഹ്രസ്വമായ രണ്ട് ഖുർആൻ അദ്ധ്യായങ്ങളാണ് (അൽ കാഫിറൂനും അൽ ഇഖ്ലാസും) ഓതേണ്ടത്. ദീർഘമായി നമസ്‌കരിക്കരുത്. എല്ലാവർക്കും സൗകര്യവും അവസരവും ലഭ്യമാകുന്ന, എല്ലാവരെയും പരിഗണിക്കുന്ന സാമൂഹിക ബോധമാണിതിന്റെ പൊരുൾ. ഒറ്റക്ക് നമസ്‌കരിക്കുമ്പോൾപോലും 'ഞങ്ങളെ നേർവഴി നടത്തേണമേ....'' എന്ന് പതിവായി ഉള്ളുരുകി പ്രാർത്ഥിക്കുന്ന വിശ്വാസി പുലർത്തേണ്ട സാമൂഹിക ബോധവും പരക്ഷേമ തൽപരതയുമാണവിടെ പുലരേണ്ടത്. സത്യശുദ്ധവും സമഗ്രസമ്പൂർണവുമായ ഏകദൈവ വിശ്വാസത്തിന്റെ രണ്ടിതളുകൾ (നെഗറ്റീവും പോസിറ്റീവും) ഉൾക്കൊള്ളുന്നതാണ് മേൽ പറഞ്ഞ രണ്ട് കൊച്ചു അധ്യായങ്ങൾ. പിന്നെ ഹാജി പാനം ചെയ്യുന്ന സംസം അവിടെയുള്ള ദൃഷ്ടാന്തങ്ങൾ (ആയാത്ത്) എന്ന് ഖുർആൻ വിശേഷിപ്പിച്ചതിൽപെട്ട അത്ഭുത നീരുറവയാണ്.
അല്ലാഹുവിന്റെ ചിഹ്നം അടയാളം- എന്ന് ഖുർആൻ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സഫയും മർവയും. ഇതിന്നിടയിലുള്ള നടത്തമാണ് സഅ്യ്. സഅ്യ് എന്നതിന്റെ അർഥം പ്രയത്നം എന്നാണ്. പ്രാർത്ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. സന്താനഭാഗ്യത്തിനായി പ്രാർത്ഥിക്കുന്നവർ, വിവാഹം കഴിക്കാതെ, ദാമ്പത്യമനുഷ്ഠിക്കാതെ ബ്രഹ്മചാരിയായി നടക്കരുത്. പ്രാർത്ഥനയുടെ പ്രമേയത്തോട് നീതി പുലർത്തിക്കൊണ്ട് പ്രയത്നിക്കണം. പാത്രം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കരുത്. അനുഗ്രഹവർഷത്തിനർഹനാകുംവിധം നാം നമ്മെ തയ്യാറാക്കി മലർത്തിവെക്കണം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്‌കർമ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്നം പ്രാർഥനക്കൊപ്പം നാം നടത്തണം. അത്തരം പ്രയത്നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ.
ഹജിലും ഉംറയിലും നാം കുറെ സംഗതികൾ സമ്മതിച്ചംഗീകരിച്ച് ഏറ്റു പറയുന്നുണ്ട്. തൽബിയത്തിൽ നാം ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത്. 'ഇന്നൽ ഹംദ വന്നിഅ്മത്ത ലക്ക വൽമുൽക്ക് ലാ ശരീക ലക്ക്'' (സർവ്വ സ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്റെതാണ്; ആധിപത്യവും - ഉടമാധികാരവും - നിനക്ക് മാത്രമാണ്; നിനക്ക് ഒരു പങ്കാളിയുമില്ല.)
സഅ്യിലും നാം ഇതേ കാര്യം ഭക്തിപൂർവം പറയുന്നുണ്ട്. 'ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽക്കു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ'' പിന്നീട് അറഫയിലും ഈ പ്രതിജ്ഞയും പ്രാർത്ഥനയുമൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്. അതെ, എന്റെതായി എനിക്കൊന്നുമില്ല. എല്ലാം അല്ലാഹുവിന്റെ വരദാനമാണ്. അവന് മാത്രമാണ് പൂർണമായ ഉടമാധികാരവും പരമാധികാരവും. ഇങ്ങനെയൊക്കെ ദൃഢനിലപാട് പുലർത്തുന്ന വിശ്വാസിയോട് ഉടയതമ്പുരാനായ അല്ലാഹു എന്തു ചോദിച്ചാലും നൽകേണ്ടതുണ്ട്. ഇബ്രാഹിം നബി (അ) ഇങ്ങനെ വിലപ്പെട്ട പലതും ത്യാഗപൂർവം ത്യജിച്ചിട്ടുണ്ട്.
(തുടരും)
( സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ)
[email protected]
ഭാഗം 1
ഭാഗം 2
സജ്ജരാവുക, സ്വയം ത്യജിക്കാൻ