തുറൈഫ്- സനാഇയ്യയിൽ ജനങ്ങൾ തൊഴിൽ പ്രതിസന്ധി നേരിടുകയാണ്. ധാരാളമായി മലയാളികൾ ജോലി നോക്കുന്ന ഇടമാണ് തുറൈഫിലെ സനാഇയ്യ വർക്‌ഷോപ്പ് മേഖല. ഏറെക്കാലമായി തൊഴിലുകൾ ലഭിക്കുന്നത് തുലോം കുറവാണ്. വാഹനങ്ങൾ അപകടത്തിൽ പെട്ടും കേടുവന്നും ധാരാളം വർക്കുകൾ വന്ന് നല്ല വരുമാനം നേടിയിരുന്ന തൊഴിലിടമാണ് തുറൈഫിലെ വർക്‌ഷോപ്പുകൾ. എന്നാൽ വർഷങ്ങളും മാസങ്ങളും മുന്നോട്ട് പോകും തോറും പ്രതിസന്ധികൾ വർധിച്ച് വരികയാണ്. പ്രത്യേകിച്ച് കഴിഞ്ഞ ആറേഴു മാസങ്ങളായി വലിയ തോതിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നു. ധാരാളം ചെലവുകൾ നൽകേണ്ട വർക്‌ഷോപ്പ് തൊഴിലാളികൾ ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. വർക്‌ഷോപ്പ് ഗ്യാരേജ് വാടക, സ്‌പോൺസർഷിപ്പ് പണം, ഭക്ഷണം, താമസ ചെലവുകൾ, വൈദ്യുതി തുടങ്ങിയവക്കുള്ള വകകൾ കണ്ടെത്താൻ നന്നേ പ്രയാസപ്പെടുന്നു. മലയാളികൾ എഞ്ചിൻ മെക്കാനിക്ക്, ഡീസൽ, പെട്രോൾ മെക്കാനിക്കുകൾ, ചെറിയ വാഹനങ്ങൾ, വലിയ വാഹനങ്ങൾ എന്നിവയുടെ മെക്കാനിക്കുകൾ, പാച്ച് വർക്ക് ചെയ്യുന്നവർ, വാഹനങ്ങളുടെ ഇലക്ട്രീഷ്യൻസ്, പഞ്ചർ വർക്ക്, ഓയിൽ മാറ്റുന്നവർ തുടങ്ങി വർക്ക് ഷോപ്പിലെ എല്ലാ രംഗത്തും മലയാളികളുടെ നിറസാന്നിധ്യമാണ്. പക്ഷെ എല്ലായിടത്തും ജോലി കുറവുണ്ട്. ശമ്പളം പോലും എടുക്കാനാവാത്ത മാസങ്ങൾ ഉണ്ടായിരിക്കുന്നു. നാട്ടിലേക്ക് പണം അയക്കാനോ കുടുംബത്തിനും കുട്ടികൾക്കും അത്യാവശ്യമായ കാര്യങ്ങൾ നിർവഹിക്കാനോ ബാങ്ക് ഇടപാടുകൾ അടച്ചു തീർക്കാനോ കഴിയാത്ത സാഹചര്യമാണ് നേരിടുന്നത്. നാട്ടിൽ ലീവിന് പോയിട്ട് ഏറെ ആയെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ആവാത്ത സ്ഥിതിയുമുണ്ട്.