മാനന്തവാടി- വയനാട് മെഡിക്കൽ കോളേജിൽ ഐ.സി.എഫിന്റെ (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) നേതൃത്വത്തിൽ നിർമിക്കുന്ന ഓക്‌സിജൻ പ്ലാന്റ് സെപ്തംബറിൽ പ്രവർത്തനമാരംഭിക്കും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസിഘടകമായ ഐ.സി.എഫ് ഒന്നരകോടി രൂപ ചെലവിലാണ് ഓക്‌സിജൻ പ്ലാന്റ് നിർമിക്കുന്നത്. 1178 ലിറ്റർ കപ്പാസിറ്റിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക.
കോവിഡ് രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടായപ്പോൾ മുഖ്യമന്ത്രി നോർക്ക വഴി പ്രവാസി സംഘടനകളെ ഈ വിഷയം ബോധ്യപ്പെടുത്തുകയും ഐ.സി.എഫിനോട് ഓക്‌സിജൻ പ്ലാന്റ് പദ്ധതി ഏറ്റെടുക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും ഐ.സി.എഫിനോട് പദ്ധതി ഏറ്റെടുക്കാൻ നിർദേശിച്ചു. തുടർന്ന് സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഈ ദൗത്യം ഏറ്റെടുക്കാൻ ഐ.സി.എഫ് തീരുമാനിക്കുകയായിരുന്നു. പ്ലാന്റിന് ആവശ്യമായ ഫണ്ട് ഐ.സി.എഫ് പ്രവർത്തകർ വളരെ പെട്ടെന്നു സമാഹരിച്ചു. ആരോഗ്യവകുപ്പും കേരള മെഡിക്കൽ സർവിസസ് കോർപറേഷനും ആവശ്യപ്പെട്ടത് പ്രകാരം ഏറ്റവും അനിവാര്യമെന്ന് ബോധ്യപ്പെട്ട വയനാട് മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ നൽകുന്നത്. ഇതിനായുള്ള പർച്ചേസ് ഓർഡർ ജൂലൈ ഏഴിന് മർകസ് നോളജ് സിറ്റിയിൽ വെച്ച് കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ നൽകി.
സെപ്തംബർ അവസാന വാരത്തോടുകൂടി പ്ലാന്റ് കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വയനാട് മെഡിക്കൽ കോളേജിൽ നടന്ന ചർച്ചയിൽ ഐ.സി.എഫ്.ജി.സി.സി കൗൺസിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി അസീസ് സഖാഫി മമ്പാട്, ട്രഷറർ സയ്യിദ് ഹബീബ് കോയ തങ്ങൾ, ജി.സി.സി. സെക്രട്ടറി അബ്ദുൽ ഹമീദ് ചാവക്കാട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ.് ഷറഫുദ്ദീൻ, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദലി സഖാഫി പുറ്റാട്, വി.എസ്.കെ. തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ, ഡി.എം.ഒ. ഡോ. ആർ. രേണുക, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ.പി. ദിനേശ്കുമാർ, ആർ.എം. ഒ. ഡോ. സി. ശക്കീർ, ഡോ. കെ. സുരേഷ് പങ്കെടുത്തു.