കോഴിക്കോട്- കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു.
പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു. അശാസ്ത്രീയമായ ടി.പി.ആര്‍ കണക്കാക്കല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് വി.കെ.സി മമ്മദ് കോയയും പറഞ്ഞു.
പല മേഖലകളിലും സഹായം ലഭിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ഒന്നും കിട്ടിയിട്ടില്ല. അവര്‍ക്ക് വേണ്ട അടിയന്തര സഹായമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനും പങ്കെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും മന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പകരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.നരസിംഹ ഗാരി തേജ് ലോഹിത് റെഡ്ഡിയാണ് പങ്കെടുത്തത്.