കൊച്ചി- സന്ന്യാസം തുടരാമെന്നും പക്ഷേ കോണ്‍വെന്റില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിക്കാനാവില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് ഹൈക്കോടതി. ലൂസി കളപ്പുരയ്ക്കലിന്റെ ഹരജി പരിഗണിച്ച കോടതി കോണ്‍വെന്റില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. കോണ്‍വെന്റില്‍നിന്ന് പുറത്തേക്ക് വന്ന് എവിടെ താമസിച്ചാലും സംരക്ഷണം നല്‍കാമെന്നും കോടതി വ്യക്തമാക്കി. കേസ് വിധിപറയാന്‍ മാറ്റിവെച്ചു
39 വര്‍ഷമായി തുടരുന്ന തന്റെ സന്ന്യാസം തുടരാന്‍ അനുവദിക്കണമെന്നും തെരുവിലേക്ക് വലിച്ചിഴക്കെരുതെന്നും ആവശ്യപ്പെട്ട് ലൂസി കളപ്പുരയ്ക്കല്‍ കോടതി മുറിയില്‍ വിതുമ്പി.
അഭിഭാഷകരൊന്നും വക്കാലത്ത് എടുക്കാത്ത സാഹചര്യത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ കോടതിയില്‍ നേരിട്ട് വാദിക്കുകയായിരുന്നു. മാനന്തവാടി കോടതിയില്‍ താന്‍ ഹരജി കൊടുത്തിട്ടുണ്ട് ഇതില്‍ തീര്‍പ്പുണ്ടാകുന്നതുവരെ കോണ്‍വെന്റില്‍ തുടരാന്‍ അനുവദിക്കണമെന്നും തനിക്കെതിരെയുണ്ടാകുന്ന ആക്ഷേപങ്ങളും അതിക്രമങ്ങളും തടയുന്നതിന് വേണ്ടി സംരക്ഷണവും ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ ഹര്‍ജി.
മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ലൂസി കളപ്പുര എവിടെയാണോ താമസിക്കുന്നത് അവിടെ സംരക്ഷണം നല്‍കാമെന്ന് പോലീസും കോടതിയെ അറിയിച്ചു.
താന്‍ സന്ന്യാസി സമൂഹത്തിന് വേണ്ടി പ്രതികരിച്ചതിന്റെ ഇരയാണ്. തന്നെ ഇത്തരത്തില്‍ ശിക്ഷിക്കുകയാണെങ്കില്‍ ഇനിയാരും ഇത്തരത്തില്‍ പ്രതികരിക്കാന്‍ വരാത്ത സ്ഥിതിവരുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം കോടതി പറഞ്ഞാല്‍ പോലും കോണ്‍വന്റില്‍ നിന്ന് ഇറങ്ങാന്‍ തയാറല്ലെന്നും അവര്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.