കൊച്ചി- സഭാവിരുദ്ധ നിലപാടുകളെ തുടര്‍ന്ന് മഠത്തില്‍നിന്നു പുറത്താക്കിയതിന് എതിരെ സമര്‍പ്പിച്ച ഹരജിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍ സ്വയം വാദിക്കും. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് വാദം. പല അഭിഭാഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍ വിസമ്മതിച്ചതിനാലാണ് കേസ് സ്വയം വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
പല അഭിഭാഷകരെയും ബന്ധപ്പെട്ടെങ്കിലും ആരും ഹാജരാവാന്‍ തയാറായില്ല. ഇതിനാലാണ് കേസ് സ്വയം വാദിക്കാന്‍ തീരുമാനിച്ചത്. 39 വര്‍ഷമായി ഞാന്‍ മഠത്തില്‍ കഴിയുന്നു. ഇതിനിടെ ഒരു തെറ്റും ചെയ്തിട്ടില്ല. സഭാമൂല്യങ്ങള്‍ക്കു നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. അവര്‍ക്ക് എന്നെ അങ്ങനെയങ്ങു പുറത്താക്കാനാവില്ല. നീതിപീഠത്തില്‍ എനിക്കു വിശ്വാസമുണ്ട്. അതിനാലാണ് കേസ് സ്വയം വാദിക്കുന്നത്' - സിസ്റ്റര്‍ ലൂസി കുളപ്പുര പറഞ്ഞു.
കോടതി നടപടികളെക്കുറിച്ച് വലിയ അറിവില്ല. സാധാരണക്കാരന്റെ ഭാഷയില്‍ നിലപാടുകള്‍ കോടതിയില്‍ വ്യക്തമാക്കാന്‍ ശ്രമിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലും ഒരു കന്യാസ്ത്രീ കോടതിയില്‍ സ്വന്തം കേസ് വാദിക്കുന്നതെന്ന് അഭിഭാഷകരും വ്യക്തമാക്കുന്നു.